ജിദ്ദ:ബബൂൺ ഇനത്തിൽ പെട്ട കുരങ്ങുകൾക്ക് തീറ്റ നൽകിയ സൗദി പൗരന് 500 റിയാൽ പിഴ ചുമത്തിയതായി നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് അറിയിച്ചു. പരിസ്ഥിതി നിയമം ലംഘിച്ച് സൗദി പൗരൻ കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതിന്റെ ദൃശ്യങ്ങൾ നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ പകർത്തുകയായിരുന്നു. കാർ നമ്പർ വഴി തിരിച്ചറിഞ്ഞാണ് സൗദി പൗരന് സെന്റർ പിഴ ചുമത്തിയത്.
കറുത്ത നിറത്തിലുള്ള ലെക്‌സസ് ജീപ്പിലെത്തിയ സൗദി പൗരൻ ചുരം റോഡിൽ കുരങ്ങുകൾക്ക് ഭക്ഷണം എറിഞ്ഞുനൽകുകയായിരുന്നു. ഇത് കണ്ട് കുരങ്ങുകൾ കൂട്ടത്തോടെ ഓടിയെത്തുകയും ഭക്ഷണം കൈക്കലാക്കുകയും ജീപ്പിനു സമീപം ചുറ്റിപ്പറ്റി നിൽക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് പുറത്തുവിട്ടു.
ദക്ഷിണ സൗദിയിലെ വിവിധ പ്രവിശ്യകളിൽ ബബൂൺ കുരങ്ങുകളുടെ ആധിക്യം ജനജീവിതം ദുഃസഹമാക്കിയിട്ടുണ്ട്. ഇതിന് പരിഹാരം കാണാൻ വിവിധ വകുപ്പുകൾ ശക്തമായ ശ്രമങ്ങൾ തുടരുകയാണ്. ആളുകൾ തീറ്റ നൽകുന്നതാണ് ബബൂൺ കുരങ്ങുകളുടെ വർ വർധനക്ക് ഇടയാക്കുന്നതെന്നാണ് ബന്ധപ്പെട്ട വകുപ്പുകൾ പറയുന്നത്.