റിയാദ്:ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ഗാര്‍ഹിക ജോലിക്കാരുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം മുസാനിദ് പ്ലാറ്റ്ഫോം വഴി സാധ്യമാകുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇന്ന് (ഓഗസ്റ്റ് ഒന്ന്) മുതലാണ് പുതിയ സംവിധാനം നിലവില്‍ വന്നത്.
നിലവിലെ സ്പോണ്സറില് നിന്ന് പുതിയ സ്പോണ്സറിലേക്ക് ജോലി മാറ്റാന്‍ മുസാനിദ് വഴി വളരെ വേഗത്തില്‍ സാധിക്കും. തൊഴിലാളിയും നിലവിലെ സ്പോണ്‍സറും പുതിയ സ്പോണ്‍സറും ഓണ്‍ലൈന്‍ വഴി അനുമതി നല്കിയാല് മാത്രമേ സ്പോണ്‍സര്‍ഷിപ്പ് മാത്രം നടക്കുകയുള്ളൂ. സ്പോണ്‍സര്‍ഷിപ്പ് മാറാനുള്ള ചാര്‍ജും മുസാനിദ് വഴി അടക്കാവുന്നതാണ്. തൊഴിലുടമയുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിധത്തിലാണ് പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. സ്പോണ്സറോ തൊഴിലാളിയോ അറിയാതെ മാറ്റം സാധിക്കില്ല.
റിക്രൂട്ട്മെന്റ് മേഖലയിലെ നടപടിക്രമങ്ങള്‍ പ്രയാസരഹിതമാക്കാന്‍ മന്ത്രാലയം ആരംഭിച്ച പദ്ധതികളിലൊന്നാണ് മുസാനിദ് പ്ലാറ്റ്ഫോം. ഇതില്‍ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ലഭിക്കും. നിലവില്‍ പഴയ സ്പോണ്‍സറുടെയും പുതിയ സ്പോണ്‍സറുടെയും അബ്ശിര്‍ പ്ലാറ്റ്ഫോം വഴിയാണ് ഗാര്‍ഹിക ജോലിക്കാരുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം നടക്കുന്നത്. അത് തുടരും.