ജിദ്ദ:വന്‍തോതില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് വിവിധ പ്രവിശ്യകളിലെ 12 ദേശീയ പാര്‍ക്കുകള്‍ വികസിപ്പിക്കാന്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും ടൂറിസം വികസന നിധിയും നാഷണല്‍ സെന്റര്‍ ഫോര്‍ വെജിറ്റേഷന്‍ കവര്‍ ഡെവലപ്‌മെന്റ് ആന്റ് കോംപാറ്റിംഗ് ഡിസേര്‍ട്ടിഫിക്കേഷനും കരാര്‍ ഒപ്പുവെച്ചു. ആസ്തികള്‍ പരമാവധി പ്രയോജനപ്പെടുത്താനും പ്രാദേശിക, ആഗോള തലങ്ങളില്‍ ഒരു പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായി രാജ്യത്തെ ഉയര്‍ത്തിക്കാട്ടാനും വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങള്‍ കൈവരിക്കാനും ലക്ഷ്യമിട്ടുള്ള കരാര്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രി എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍ അല്‍ഫദ്‌ലിയുടെ സാന്നിധ്യത്തിലാണ് മൂന്നു വകുപ്പുകളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഒപ്പുവെച്ചത്.
പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ അല്‍സുഗൈബി, ടൂറിസം വികസന നിധി സി.ഇ.ഒ ഖുസയ് അല്‍ഫാഖിരി, നാഷണല്‍ സെന്റര്‍ ഫോര്‍ വെജിറ്റേഷന്‍ കവര്‍ ഡെവലപ്‌മെന്റ് ആന്റ് കോംപാറ്റിംഗ് ഡിസേര്‍ട്ടിഫിക്കേഷന്‍ സി.ഇ.ഒ ഡോ. ഖാലിദ് അല്‍അബ്ദുല്‍ഖാദിര്‍ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. പൊതുവായ ശേഷികള്‍ പ്രയോജനപ്പെടുത്തുക, സാധ്യതാ പഠനം തയാറാക്കുക, പ്രാദേശികമായും അന്തര്‍ദേശീയമായും വിപണനത്തിന് ലഭ്യമായ ഓപ്ഷനുകള്‍ നിര്‍ണയിക്കുക, നിക്ഷേപ വ്യവസ്ഥകള്‍ തയാറാക്കുക, പ്രദേശിക, അന്തര്‍ദേശീയ നിക്ഷേപകരെ ആകര്‍ഷിക്കുക, നിക്ഷേപകര്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കുക, പരിസ്ഥിതി സുസ്ഥിരിത കൈവരിക്കാന്‍ അനുയോജ്യമായ വായ്പാ മാതൃകകള്‍ നിര്‍ണയിക്കുക, ഉയര്‍ന്ന ഗുണനിലവാരമുള്ള സേവനങ്ങളും ഉല്‍പന്നങ്ങളും നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ മൂന്നു വകുപ്പുകളും തമ്മിലുള്ള സഹകരണം ശക്തമാക്കാന്‍ കരാറിലൂടെ ലക്ഷ്യമിടുന്നു.