റിയാദ്:രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണം, തൊഴിൽ സംവിധാനം എന്നിവയുമായി ബന്ധപ്പെട്ട് പുതിയ നിയമം ഉടൻ പ്രാബല്യത്തിലാവുമെന്ന് സഊദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. തൊഴിലാളിയോട് മോശമായി പെരുമാറിയാൽ 2,000 റിയാൽ പിഴയും ഒരു വർഷത്തെ റിക്രൂട്ട്‌മെൻറ് വിലക്കും തൊഴിലുടമ നേരിടേണ്ടി വരും. ഗാർഹിക തൊഴിൽ വിസയിലെത്തുന്ന പുരുഷന്മാരോടും സ്ത്രീകളോടും മോശമായി പെരുമാറിയതായി തെളിഞ്ഞാൽ പിഴയും റിക്രൂട്ട്‌മെൻറ് വിലക്കുമാണ് പുതിയ നിയമത്തിലെ സുപ്രധാന വ്യവസ്ഥ.
തൊഴിലാളിയെ അപകടകരമായ ജോലിക്ക് നിയോഗിക്കാൻ പാടില്ല. അയാളുടെ മാനുഷികമായ അന്തസ്സിനെ ബാധിക്കുന്ന രീതിയിൽ തൊഴിലുടമ പെരുമാറരുത്. ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പിഴകൾ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റണം. എന്നാൽ കരാർപ്രകാരമുള്ള ജോലി ചെയ്യാൻ തൊഴിലാളി ബാധ്യസ്ഥനാണ്. ജോലി നിർവഹണവുമായി ബന്ധപ്പെട്ട് തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും ആവശ്യങ്ങൾ പാലിക്കുകയും വേണം.
അതേസമയം, തൊഴിലാളിക്കും ചില ഉത്തരവാദിത്വങ്ങൾ നിയമം അനുശാസിക്കുണ്ട്. തൊഴിലുടമയുടെ വീട്ടിലെ രഹസ്യങ്ങൾ തൊഴിലാളികൾ വെളിപ്പെടുത്തരുത്. വെളിപ്പെടുത്തുന്ന വീട്ടുജോലിക്കാർക്ക് നിയമപ്രകാരം ശിക്ഷയുണ്ടാവും. സാമ്പത്തിക പിഴ ചുമത്താനാണ് പുതിയ നിയമം അനുശാസിക്കുന്നത്. കരാർപ്രകാരമുള്ള ജോലി ചെയ്യാനും തൊഴിലാളി ബാധ്യസ്ഥനാണ്. ജോലിയുമായി ബന്ധപ്പെട്ട് തൊഴിലുടമയുടെയും കുടുംബാംഗങ്ങളുടെയും ആവശ്യങ്ങൾ പാലിക്കാനും തൊഴിലാളി ബാധ്യസ്ഥനാണ്.