ദുബായ്:അഞ്ചു വര്‍ഷത്തിനിടെ ഗള്‍ഫ് രാജ്യങ്ങളില്‍ 15,580 കോടി റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ എത്തിയതായി കണക്ക്. ഇതിന്റെ 29 ശതമാനവും 2021 ല്‍ ആണ് ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിയത്. ആകെ നിക്ഷേപങ്ങളില്‍ 23.8 ശതമാനം കഴിഞ്ഞ വര്‍ഷം ഗള്‍ഫിലെത്തി. 2018 മുതല്‍ 2022 വരെയുള്ള കാലത്ത് ഗള്‍ഫില്‍ ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ എത്തിയത് യു.എ.ഇയിലാണ്. അഞ്ചു വര്‍ഷത്തിനിടെ യു.എ.ഇയില്‍ 9,150 കോടി ഡോളറിന്റെ വിദേശ നിക്ഷേപങ്ങള്‍ എത്തി. രണ്ടാം സ്ഥാനത്തുള്ള സൗദിയില്‍ 4,140 കോടി ഡോളറിന്റെയും മൂന്നാം സ്ഥാനത്തുള്ള ഒമാനില്‍ 2,130 കോടി ഡോളറിന്റെയും നാലാം സ്ഥാനത്തുള്ള ബഹ്‌റൈനില്‍ 800 കോടിയോളം ഡോളറിന്റെയും നിക്ഷേപങ്ങള്‍ എത്തി. അഞ്ചു വര്‍ഷത്തിനിടെ ഖത്തറില്‍ നിന്ന് 840 കോടി ഡോളറിന്റെ വിദേശ നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെട്ടു.
മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ 5.7 ശതമാനമായി ഉയര്‍ത്താന്‍ സൗദി അറേബ്യ ലക്ഷ്യമിടുന്നു. 2021 ഒക്‌ടോബറില്‍ പ്രഖ്യാപിച്ച ദേശീയ നിക്ഷേപ തന്ത്രത്തിലൂടെ 2030 ഓടെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ 12.4 ട്രില്യണ്‍ റിയാല്‍ (3.3 ട്രില്യണ്‍ ഡോളര്‍) ആയി ഉയര്‍ത്താന്‍ സൗദി അറേബ്യ ലക്ഷ്യമിടുന്നു.
2018 മുതല്‍ 2021 വരെയുള്ള നാലു വര്‍ഷക്കാലത്ത് ഗള്‍ഫില്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളില്‍ തുടര്‍ച്ചയായി വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ 17.9 ശതമാനം തോതില്‍ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ 3,710 കോടി ഡോളറിന്റെ വിദേശ നിക്ഷേപങ്ങളാണ് എത്തിയത്. 2021 ല്‍ ഇത് 4,523 കോടി ഡോളറായിരുന്നു.
2021 ല്‍ സൗദി അറാംകൊക്കു കീഴിലെ എണ്ണ പൈപ്പ്‌ലൈന്‍ കമ്പനിയുടെ ഓഹരികള്‍ 1,240 കോടി ഡോളറിന് അന്താരാഷ്ട്ര കണ്‍സോര്‍ഷ്യത്തിന് വില്‍പന നടത്തിയിരുന്നു. ഇതിന്റെ ഫലമായാണ് ആ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിയ വിദേശ നിക്ഷേപങ്ങള്‍ റെക്കോര്‍ഡ് നിലയില്‍ ഉയര്‍ന്നത്. 2021 ല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിയ വിദേശ നിക്ഷേപങ്ങളുടെ 27.4 ശതമാനവും സൗദി അറാംകൊ പൈപ്പ്‌ലൈന്‍ കമ്പനി ഓഹരി വില്‍പനയിലൂടെയായിരുന്നു.
കഴിഞ്ഞ വര്‍ഷം ലോകത്താകമാനമുള്ള നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ മൂന്നു ശതമാനവും ഏഷ്യന്‍ രാജ്യങ്ങളിലെ വിദേശ നിക്ഷേപങ്ങളുടെ 5.6 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലായിരുന്നു. കഴിഞ്ഞ കൊല്ലം ലോക രാജ്യങ്ങളില്‍ ആകെ 1.29 ട്രില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ് എത്തിയത്.
കഴിഞ്ഞ വര്‍ഷം ഗള്‍ഫില്‍ എത്തിയ നേരിട്ടുള്ള നിക്ഷേപങ്ങളുടെ 82 ശതമാവും യു.എ.ഇയിലും സൗദിയിലുമായിരുന്നു. യു.എ.ഇയില്‍ 2,270 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ എത്തി. യു.എ.ഇയില്‍ വിദേശ നിക്ഷേപങ്ങളില്‍ പത്തു ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സൗദിയില്‍ കഴിഞ്ഞ കൊല്ലം 790 കോടി ഡോളറിന്റെ വിദേശ നിക്ഷേപങ്ങളാണ് എത്തിയത്. 2021 നെ അപേക്ഷിച്ച് 59 ശതമാനം കുറവാണിത്. സൗദി അറാംകൊ എണ്ണ പൈപ്പ്‌ലൈന്‍ ഇടപാട് മാറ്റിനിര്‍ത്തിയാല്‍ 2021 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം സൗദിയില്‍ വിദേശ നിക്ഷേപങ്ങള്‍ 14.5 ശതമാനം തോതില്‍ വര്‍ധിച്ചു. സാമ്പത്തിക പരിഷ്‌കാരങ്ങളും, നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്തുന്ന പദ്ധതികളും നടപ്പാക്കുന്നതില്‍ സൗദി അറേബ്യ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ചക്കും സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും ഗതിവേഗം പകരാന്‍ ഇത് സഹായിച്ചു.