ജിദ്ദ: ഈ വർഷം ജനുവരി ഒന്നു മുതൽ മെയ് അവസാനം വരെയുള്ള അഞ്ചു മാസക്കാലത്ത് വ്യവസായ മേഖലയിൽ 37,235 പേർക്ക് തൊഴിൽ ലഭിച്ചതായി സൗദി വ്യവസായ, ധാതുവിഭവ മന്ത്രാലയം. ഇതിൽ 20,728 തൊഴിലുകൾ സ്വദേശികൾക്കും ശേഷിക്കുന്നവ വിദേശികൾക്കുമാണ് ലഭിച്ചത്. മെയ് അവസാനത്തെ കണക്കുകൾ പ്രകാരം വ്യവസായ മേഖലയിൽ ആകെ 7,34,580 തൊഴിലാളികളുണ്ട്.
മെയ് അവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് 10,966 ഫാക്ടറികളുണ്ട്. ഇവയിൽ ആകെ 1.47 ട്രില്യണിലേറെ റിയാലിന്റെ നിക്ഷേപമാണുള്ളത്. ജനുവരി മുതൽ മെയ് അവസാനം വരെ 484 വ്യവസായ പദ്ധതികൾക്ക് മന്ത്രാലയം പുതുതായി ലൈസൻസുകൾ അനുവദിച്ചു. ആകെ 3,410 കോടി റിയാൽ നിക്ഷേപങ്ങളോടെയുള്ള വ്യവസായ പദ്ധതികൾക്കാണ് ലൈസൻസുകൾ അനുവദിച്ചത്. ആകെ 1,140 കോടി റിയാൽ നിക്ഷേപങ്ങളോടെ സ്ഥാപിച്ച 412 വ്യവസായ ശാലകളിൽ അഞ്ചു മാസത്തിനിടെ ഉൽപാദനം ആരംഭിച്ചു.
മെയ് മാസത്തിൽ 99 വ്യവസായ പദ്ധതികൾക്ക് പുതുതായി ലൈസൻസുകൾ അനുവദിച്ചു. ആകെ 2,010 കോടി റിയാൽ നിക്ഷേപങ്ങളോടെ ആരംഭിക്കുന്ന ഈ സ്ഥാപനങ്ങളിൽ 2,756 പേർക്ക് തൊഴിൽ ലഭിക്കും. റിയാദിൽ 37, കിഴക്കൻ പ്രവിശ്യയിൽ 21, മക്ക പ്രവിശ്യയിൽ 20, ഉത്തര അതിർത്തി പ്രവിശ്യയിൽ രണ്ട്, ഹായിലിൽ ഒന്ന്, തബൂക്കിൽ മൂന്ന്, അൽഖസീമിൽ അഞ്ച്, മദീനയിൽ ഏഴ്, അസീറിൽ മൂന്ന്, ജിസാനിൽ ഒന്ന് എന്നിങ്ങനെയാണ് പുതുതായി ലൈസൻസുകൾ അനുവദിച്ചത്. പുതിയ പദ്ധതികളിൽ 88.9 ശതമാനം ചെറുകിട സ്ഥാപനങ്ങളും 10.1 ശതമാനം ഇടത്തരം സ്ഥാപനങ്ങളും ഒരു ശതമാനം മൈക്രോ സ്ഥാപനങ്ങളും 73.74 ശതമാനം സൗദി നിക്ഷേപങ്ങളോടെയുള്ളവയും 15.15 ശതമാനം വിദേശ നിക്ഷേപങ്ങളോടെയുള്ളവയും 11.11 ശതമാനം സംയുക്ത നിക്ഷേപങ്ങളോടെയുള്ളവയുമാണ്.
ആകെ 330 കോടി റിയാൽ നിക്ഷേപങ്ങളോടെ സ്ഥാപിച്ച 98 വ്യവസായശാലകളിൽ മെയ് മാസത്തിൽ ഉൽപാദനം ആരംഭിച്ചു. ഈ സ്ഥാപനങ്ങളിൽ 2,828 പേർക്ക് തൊഴിൽ ലഭിച്ചു. കിഴക്കൻ പ്രവിശ്യയിൽ 26, റിയാദിൽ 24, മക്ക പ്രവിശ്യയിൽ 18, അൽജൗഫിൽ ആറ്, ഉത്തര അതിർത്തി പ്രവിശ്യയിൽ ഒന്ന്, ഹായിലിൽ ഒന്ന്, അൽഖസീമിൽ 15, മദീനയിൽ ഏഴ് എന്നിങ്ങനെ ഫാക്ടറികളിൽ മെയ് മാസത്തിൽ ഉൽപാദനം ആരംഭിച്ചു. മെയ് മാസത്തിൽ ഉൽപാദനം തുടങ്ങിയ ഫാക്ടറികളിൽ 15.3 ശതമാനം ഇടത്തരം സ്ഥാപനങ്ങളും 83 ശതമാനം ചെറുകിട സ്ഥാപനങ്ങളും രണ്ടു ശതമാനം മൈക്രോ സ്ഥാപനങ്ങളും 83.67 ശതമാനം സൗദി നിക്ഷേപങ്ങളോടെയുള്ളവയും 8.16 ശതമാനം വിദേശ നിക്ഷേപങ്ങളോടെയുള്ളവയും 8.16 ശതമാനം സംയുക്ത നിക്ഷേപങ്ങളോടെയുള്ളവയുമാണ്.
മെയ് അവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് കാലാവധിയുള്ള 2,365 ഖനന ലൈസൻസുകളുണ്ട്. ഉത്തര അതിർത്തി പ്രവിശ്യയിൽ 27 ഉം അൽജൗഫിൽ 27 ഉം തബൂക്കിൽ 154 ഉം ഹായിലിൽ 69 ഉം കിഴക്കൻ പ്രവിശ്യയിൽ 376 ഉം അൽഖസീമിൽ 89 ഉം മദീനയിൽ 264 ഉം റിയാദിൽ 587 ഉം മക്കയിൽ 384 ഉം അൽബാഹയിൽ 39 ഉം അസീറിൽ 214 ഉം നജ്‌റാനിൽ 54 ഉം ജിസാനിൽ 81 ഉം കാലാവധിയുള്ള ഖനന ലൈസൻസുകളുണ്ട്.