മക്ക:ഇക്കഴിഞ്ഞ ഹജ് കാലത്ത് ഹജ് സേവന സ്ഥാപനങ്ങൾക്കും കമ്പനികൾക്കുമെതിരെ തീർഥാടകരിൽനിന്ന് ഹജ്, ഉംറ മന്ത്രാലയത്തിന് 8,501 പരാതികൾ ലഭിച്ചു. ഇതിൽ 93 ശതമാനം പരാതികൾക്കും മന്ത്രാലയം പരിഹാരം കണ്ടു. ഏഴു ശതമാനം പരാതികളിൽ നടപടികൾ സ്വീകരിച്ചുവരികയാണ്. മോശം താമസസൗകര്യം, വൈദ്യുതി സ്തംഭനം, ഭക്ഷണ വിതരണത്തിന് കാലതാമസം നേരിടൽ, ജലവിതരണം മുടങ്ങൽ, ഗൈഡുമാർ ഇല്ലാതിരിക്കൽ, മോശം യാത്രാ സേവനം എന്നിവയെ കുറിച്ചാണ് തീർഥാടകരിൽ നിന്ന് ഏറ്റവുമധികം പരാതികൾ ലഭിച്ചത്.
തീർഥാടകർക്ക് മികച്ച സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഹജ്, ഉംറ മന്ത്രാലയ സംഘങ്ങൾ 47,000 ഫീൽഡ് സന്ദർശനങ്ങൾ നടത്തി. മക്കയിൽ 27,000 ഉം ജിദ്ദയിൽ 6,000 ഉം മദീനയിൽ 15,000 ഉം ഫീൽഡ് സന്ദർശനങ്ങളാണ് നടത്തിയത്. ഇതിനിടെ 10,000 ലേറെ നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 25 ശതമാനം സേവനങ്ങളുമായി ബന്ധപ്പെട്ടവയും 75 ശതമാനം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകളുമായിരുന്നു.
ഹജ് സർവീസ് കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും തങ്ങൾക്ക് ലഭിച്ച സേവനങ്ങളിൽ ജിബൂത്തിയിൽ നിന്നും താജിക്കിസ്ഥാനിൽ നിന്നുമുള്ള 97 ശതമാനം തീർഥാടകരും ലെബനോൻ, ചൈന, ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 96 ശതമാനം ഹാജിമാരും സുഡാനിൽനിന്നുള്ള 95 ശതമാനം തീർഥാടകരും ഉസ്‌ബെക്കിസ്ഥാനിൽ നിന്നുള്ള 94 ശതമാനം തീർഥാടകരും ഇറാനിൽനിന്നുള്ള 91 ശതമാനം ഹാജിമാരും ഈജിപ്തിൽനിന്നുള്ള 89 ശതമാനം തീർഥാടകരും ഇറ്റലിയിൽ നിന്നുള്ള 81 ശതമാനം തീർഥാടകരും സംതൃപ്തി പ്രകടിപ്പിച്ചു. പ്രകടന നിലവാര മൂല്യനിർണയത്തിൽ 12 സർവീസസ് കമ്പനികൾ 80 മുതൽ 95 ശതമാനം വരെയും 10 കമ്പനികൾ 69 ശതമാനം മുതൽ 78 ശതമാനം വരെയും മാർക്ക് നേടിയതായും മന്ത്രാലയം അറിയിച്ചു.