ജിദ്ദ – ഈ വര്‍ഷം ആദ്യ പാദത്തില്‍ സൗദിയില്‍ 812 കോടി റിയാലിന്റെ (216 കോടി ഡോളര്‍) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ എത്തിയതായി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ 740 കോടി റിയാല്‍ (196 കോടി ഡോളര്‍) ആയിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ 10.2 ശതമാനം തോതില്‍ വര്‍ധിച്ചു. ഏഴു പാദവര്‍ഷത്തിനിടെ സൗദിയിലെത്തുന്ന ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപമാണ് ഈ വര്‍ഷം ആദ്യ പാദത്തിലെത്. 2021 ആദ്യ പാദത്തിലാണ് ഇതിനു മുമ്പ് ഇതിലും ഉയര്‍ന്ന വിദേശ നിക്ഷേപം രാജ്യത്തെത്തിയത്.
ആ പാദത്തില്‍ സൗദി അറാംകൊക്കു കീഴിലെ എണ്ണ പൈപ്പ്‌ലൈന്‍ കമ്പനിയുടെ ഓഹരികള്‍ 4,560 കോടി റിയാലിന് (1,240 കോടി ഡോളര്‍) അന്താരാഷ്ട്ര കണ്‍സോര്‍ഷ്യത്തിന് വില്‍പന നടത്തിയിരുന്നു. ഈ ഇടപാട് ഒഴിച്ചു നിര്‍ത്തിയാല്‍ ഈ കൊല്ലം ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ രാജ്യത്തെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ 2015 മൂന്നാം പാദത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിക്ഷേപങ്ങളാണ്. 2022 നാലാം പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ 12.4 ശതമാനം തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ കൊല്ലം നാലാം പാദത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ 722 കോടി റിയാലായിരുന്നു.
വിദേശ നിക്ഷേപങ്ങള്‍ക്ക് നേരിടുന്ന പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കാനും നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്താനും സൗദിയില്‍ റീജ്യനല്‍ ആസ്ഥാനങ്ങള്‍ തുറക്കുന്ന കമ്പനികളുടെ എണ്ണം ഉയര്‍ത്താനും സര്‍ക്കാര്‍ വലിയ ശ്രമങ്ങളാണ് നടത്തുന്നത്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി വന്‍തോതിലുള്ള നിക്ഷേപാവസരങ്ങളും രാജ്യത്ത് ലഭ്യമാണ്. നിരവധി ബൃഹദ് പദ്ധതികള്‍ സൗദി അറേബ്യ നടപ്പാക്കുന്നു. ഏതാനും മേഖലകള്‍ സ്വകാര്യവല്‍ക്കരിച്ചിട്ടുമുണ്ട്. ഇതെല്ലാം വലിയ തോതില്‍ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ സഹായിക്കുന്നു.
കഴിഞ്ഞ വര്‍ഷം 2,960 കോടി റിയാലിന്റെ (790 കോടി ഡോളര്‍) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ രാജ്യത്തെത്തി. 2021 ല്‍ 7,230 കോടി റിയാലിന്റെയും (1,928 കോടി ഡോളര്‍) വിദേശ നിക്ഷേപങ്ങള്‍ സൗദിയിലെത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 10,190 കോടി റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ് രാജ്യത്തെത്തിയത്. 2030 ഓടെ പ്രതിവര്‍ഷം രാജ്യത്തെത്തുന്ന നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ 38,800 കോടി റിയാല്‍ (10,350 കോടി ഡോളര്‍) ആയി ഉയര്‍ത്താനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.