റിയാദ്- സൗദിയിൽ ദേശീയോദ്യാനങ്ങളിലും വിനോദ സഞ്ചാര മേഖലകളിലും ടെന്റുകൾ കെട്ടി ക്യാമ്പ് ചെയ്യുന്നവരും കാരവനുകളുമായി പ്രവേശിക്കുന്നവരും പാലിക്കേണ്ട നിയമങ്ങൾ വ്യക്തമാക്കി സൗദി ദേശീയ ഹരിതവൽക്കരണ മരുഭൂവൽക്കരണ പ്രതിരോധ കേന്ദ്രം.
ഇതനുസരിച്ച് ക്യാമ്പിങ്ങ് ചെയ്യുന്നതിന് ആവശ്യമായ മാനദണ്ഡങ്ങൾ ഉറപ്പു വരുത്തി ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് മുൻകൂട്ടി പെർമിഷൻ നേടിയിരിക്കണം. അനുമതി നൽകാത്ത സ്ഥലങ്ങളിൽ പ്രവേശിക്കുകയോ വ്യക്തി തർക്കങ്ങളുണ്ടാക്കുകയോ സംഘം ചേർന്നു ശബ്ദകോലാഹലങ്ങളുണ്ടാക്കുകയോ പ്രകൃതി സംരക്ഷണ നിയമങ്ങൾ ലംഘിക്കുകയോ ചെയ്യാൻ പാടില്ല. നിബന്ധകൾ പാലിക്കുന്നവർക്ക് ഒരു ദിവസം മുതൽ ഏഴു ദിവസം വരെ ക്യാമ്പ് ചെയ്യുന്നതിനുള്ള അനുവാദം ലഭിക്കുന്നതും കാലാവസ്ഥയുമായി ബന്ധപ്പെട്ടോ മറ്റോ ബന്ധപ്പെട്ട വകുപ്പുകൾ കാണുന്ന അനിവാര്യ സാഹചര്യങ്ങളിൽ കക്ഷികളെ അറിയിച്ച് പെർമിറ്റ് കാൻസൽ ചെയ്യാൻ ഹരിതവൽക്കരണ കേന്ദ്രത്തിന് അവകാശമുണ്ടായിരിക്കും.
ക്യാമ്പിംഗിനു പോകുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതും അംഗങ്ങൾക്കെല്ലാം കാലാവധിയുള്ള തിരിച്ചറിയൽ രേഖയുണ്ടായിരിക്കുകയും വേണം. പെർമിറ്റു നൽകപ്പെട്ട ആവശ്യത്തിനല്ലാതെ കാരവനുകളോ ടെന്റുകളോ ദുരുപയോഗം ചെയ്യുകയോ കച്ചവടമോ മറ്റോ നടത്തുകയോ ചെയ്യാൻ പാടുള്ളുതല്ല. സുരക്ഷാ വകുപ്പു കേന്ദ്രങ്ങളുടെയടുത്തു ടെന്റടിക്കുകയോ അപകടസ്ഥലങ്ങളുള്ളിടത്തേക്കു പോകുകയോ മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുകയോ ചെയ്യരുത്. താമസ ശേഷം പരിസരം ഏറ്റെടുത്തതു പോലെ വൃത്തിയായി തിരിച്ചേൽപിക്കുകയും വേണം. മക്ക, തായിഫ്, അസീർ, അബഹ, അൽ ബാഹ തുടങ്ങിയ പ്രവിശ്യകളിലെ ഏതാനും കേന്ദ്രങ്ങളിൽ നിയമാനുസൃതമായി ടെന്റിംഗിനു അനുവാദം നൽകുമെന്ന് ഹരിത വൽക്കരണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഏഴു കേന്ദ്രങ്ങളിലായി 1400 ടെന്റുകളും ഒമ്പതു കേന്ദ്രങ്ങളിലായി 1000 കാരവനുകൾക്കും ക്യാമ്പു ചെയ്യാനുള്ള പെർമിറ്റുകളാണ് നൽകുകയെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.