ജിദ്ദ – സൗദി അറേബ്യ പ്രഖ്യാപിച്ച സാമ്പത്തിക, സംഘാടന, ലോജിസ്റ്റിക് പിന്തുണകളുടെയും ഇളവുകളുടെയും ലോക രാജ്യങ്ങളുടെ വ്യാപകമായ പിന്തുണയുടെയും പശ്ചാത്തലത്തില്‍ 2030 വേള്‍ഡ് എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കാനുള്ള മത്സരത്തില്‍ സൗദി അറേബ്യക്ക് വിജയ സാധ്യത കൂടുതല്‍. പിന്തുണ സമാഹരിക്കാന്‍ ശ്രമിച്ച് മാസങ്ങളായി സൗദി മന്ത്രിമാര്‍ വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനങ്ങള്‍ നടത്തി ഭരണാകരികളുമായും നേതാക്കളുമായും കൂടിക്കാഴ്ചകളും ചര്‍ച്ചകളും തുടരുകയാണ്. അടുത്ത നവംബറിലാണ് 2030 വേള്‍ഡ് എക്‌സ്‌പോ ആതിഥേയത്വ ചുമതല വഹിക്കുന്ന രാജ്യത്തെ രഹസ്യ വോട്ടെടുപ്പിലൂടെ കണ്ടെത്തുക.
2030 എക്‌സ്‌പോ ആതിഥേയത്വം നേടിയെടുക്കാന്‍ സൗദി അറേബ്യയോടൊപ്പം ഇറ്റലിയും ദക്ഷിണ കൊറിയയും മത്സരിക്കുന്നു. അനുയോജ്യമായ കാലാവസ്ഥയും വേള്‍ഡ് എക്‌സ്‌പോക്ക് മേല്‍നോട്ടം വഹിക്കുന്ന ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്‌സ്‌പോസിഷന്‍സ് സ്ഥാപിച്ചതിന്റെ നൂറാം വാര്‍ഷികവും ഒത്തുചേരുന്ന 2030 ഒക്‌ടോബര്‍ ഒന്നു മുതല്‍ 2031 മാര്‍ച്ച് അവസാനം വരെയാണ് വേള്‍ഡ് എക്‌സ്‌പോ നടക്കുക. എക്‌സ്‌പോ 2030 സംഘാടനം യു.എന്‍ അജണ്ട 2030, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്നിവയുമായി പൊരുത്തപ്പെടുന്നു. ഇത് അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ആഗോള ലക്ഷ്യങ്ങള്‍ കൈവരികുന്നതില്‍ ഈ പദ്ധതികളുടെ ഫലങ്ങളുടെ സ്വാധീനത്തെ കുറിച്ച് പഠിക്കാനുള്ള അവസരമായി റിയാദ് എക്‌സ്‌പോയെ മറ്റും.
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അഞ്ചു മിനിറ്റ് യാത്രാ ദൂരത്തില്‍ 60 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സ്ഥലമാണ് 2030 എക്‌സ്‌പോ സംഘാനടത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. നഗരങ്ങള്‍ക്ക് സുസ്ഥരിമായ ഒരു ഭാവി സൃഷ്ടിക്കാനുള്ള റിയാദിന്റെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്ന ഒരു പുരാതന താഴ്‌വരക്ക് ചുറ്റുമുള്ള ഭാവി നഗരമെന്നോണമാണ് റിയാദ് എക്‌സ്‌പോ നഗരി രൂപകല്‍പന ചെയ്യുക.
4.1 കോടി യഥാര്‍ഥ സന്ദര്‍ശനങ്ങളിലൂടെയും മെറ്റാവേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയുള്ള 100 കോടിയിലേറെ സന്ദര്‍ശനങ്ങളിലൂടെയും, ഭാവിയുടെ നിര്‍മിതിയില്‍ പങ്കാളികളെ ക്ഷണിക്കാനുള്ള ആഗ്രഹത്തോടെയാണ് 2030 എക്‌സ്‌പോ ആതിഥേയത്വം നേടിയെടുക്കാന്‍ സൗദി അറേബ്യ ശ്രമിക്കുന്നത്. 2030 വേള്‍ഡ് എക്‌സ്‌പോക്ക് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹം 2021 ഒക്‌ടോബര്‍ 29 ന് ആണ് സൗദി അറേബ്യ ആദ്യമായി പ്രഖ്യാപിച്ചത്. ഇതിനു ശേഷം എക്‌സ്‌പോ സംഘാടനത്തിനുള്ള സുസജ്ജതകളും സൗകര്യങ്ങളും ശേഷികളും വ്യക്തമാക്കി റിയാദ് റോയല്‍ കമ്മീഷന്റെ നേതൃത്വത്തിലുള്ള സൗദി സംഘം ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്‌സ്‌പോസിഷന്‍സ് ജനറല്‍ അസംബ്ലിയില്‍ മൂന്നു അവതരണങ്ങള്‍ നടത്തിയിട്ടുണ്ട്.