മക്ക :പുതിയ ഹിജ്‌റ വർഷത്തിലെ ആദ്യ ജുമുഅ ഖുതുബക്ക് ഹറംകാര്യ വകുപ്പ് പുതിയ മിമ്പർ (പ്രസംഗപീഠം) ഉദ്ഘാടനം ചെയ്തു. മതാഫിനോട് ചേർന്ന് ഹറമിൽ പുതുതായി നിർമിച്ച സൗദി കോറിഡോറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഈ വർഷം ആരംഭിച്ച ഹറംകാര്യ വകുപ്പിന്റെ പുതിയ ഐഡന്റിറ്റിയെ അടിസ്ഥാനമാക്കി, സവിശേഷമായ ഇസ്‌ലാമിക വാസ്തുശൈലിയിലാണ് മിമ്പർ നിർമിച്ചിരിക്കുന്നത്. സൗദി കോറിഡോർ രൂപകൽപനയിൽ ഊന്നിയാണ് ഹറംകാര്യ വകുപ്പ് പുതിയ ലോഗോ തയാറാക്കിയിരിക്കുന്നത്.
സൗദി കോറിഡോർ രൂപകൽപനയിൽ നിരവധി സവിശേഷതകൾ അടങ്ങിയിരിക്കുന്നു. തീർഥാടകരുടെ സൗകര്യവും സുരക്ഷിതത്വവും കണക്കിലെടുത്ത് ഹറമിൽ വലിയ ഇടങ്ങൾ ഒരുക്കുക എന്നതാണ് ഇതിൽ പ്രധാനം. ഹറം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു നിർമാണ ഐക്കൺ ആണ് സൗദി കോറിഡോർ. വാസ്തുവിദ്യയിലും നിർമാണത്തിലും വിസ്മയമായി മാറിയ ഹറമിന്റെ നിർമാണം ഏറ്റവും മികച്ച ഡിസൈനുകളിൽ ഒന്നായിരിക്കാനും അതിൽ ഏറ്റവും മികച്ച മെറ്റീരിയലുകൾ ഉപയോഗിക്കാനും സൗദി ഗവൺമെന്റ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പ്രത്യേക അലങ്കാരദ്വീപങ്ങൾ, മാർബിൾ പൊതിഞ്ഞ തൂണുകൾ, സീലിംഗിലെ തിളങ്ങുന്ന നിറങ്ങൾ എന്നിവയാൽ ഇടനാഴി അലംകൃതമായിരിക്കുന്നു. ഇവിടെ വിവിധ നിറങ്ങളിലുള്ള മാർബിൾ പാകുകയും ചെയ്തിട്ടുണ്ട്.