ജിദ്ദ:വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന 6,451 വ്യാപാര സ്ഥാപനങ്ങളിൽ ബിനാമി ബിസിനസ് സംശയിച്ച് ഒരു മാസത്തിനിടെ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം പരിശോധനകൾ നടത്തി. ജൂൺ ഒമ്പതു മുതൽ ജൂലൈ ആറു വരെയുള്ള കാലത്താണ് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാമിൽ പങ്കാളികളായ വിവിധ വകുപ്പുകൾ സഹകരിച്ച് ഇത്രയും സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തിയത്. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഡാറ്റാ പരിശോധനയിലൂടെ ബിനാമി സംശയിക്കപ്പെടുന്ന സ്ഥാപനങ്ങൾ മുൻകൂട്ടി നിർണയിച്ചാണ് പരിശോധനകൾ നടത്തിയത്. ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, കോൺട്രാക്ടിംഗ് കമ്പനികൾ, സലൂണുകൾ, സ്പെയർപാർട്സ് കടകൾ എന്നിവ അടക്കമുള്ള സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകൾക്കിടെ നിയമ ലംഘനങ്ങൾക്ക് തൽക്ഷണം പിഴകൾ ചുമത്തുകയും ബിനാമി ബിസിനസ് സംശയിക്കുന്ന കേസുകൾ അന്വേഷണത്തിനും ശിക്ഷാ നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു.
സൗദിയിൽ ബിനാമി ബിസിനസുകൾ നടത്തുന്ന വിദേശികൾക്കും ഇതിന് കൂട്ടുനിൽക്കുന്ന സ്വദേശികൾക്കും അഞ്ചു വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. ബിനാമി ബിസിനസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ലൈസൻസും കൊമേഴ്സ്യൽ രജിസ്ട്രേഷനും റദ്ദാക്കുകയും കുറ്റക്കാരായ സൗദി പൗരന്മാർക്ക് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യും. കുറ്റക്കാരായ വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തും. പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ഇവർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യും. ബിനാമി ബിസിനസിലൂടെ നിയമ വിരുദ്ധമായി സമ്പാദിക്കുന്ന പണം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കണ്ടുകെട്ടാനും നിയമം അനുശാസിക്കുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെയും ഡാറ്റ അനലിസിസിന്റെയും സഹായത്തോടെ ഇരുപതു സർക്കാർ വകുപ്പുകൾ ബിനാമി ബിസിനസ് സ്ഥാപനങ്ങൾ കണ്ടെത്താൻ പ്രവർത്തിക്കുന്നു. ബിനാമി ബിസിനസ് നിയമ ലംഘകരെ കണ്ടെത്താനുള്ള നിരീക്ഷണ ശൈലി മുമ്പത്തെ അപേക്ഷിച്ച് ഏറെ മാറിയിട്ടുണ്ട്. മുമ്പ് സ്ഥാപനങ്ങളിൽ നേരിട്ട് പരിശോധനകൾ നടത്തിയും പരാതികളിൽ അന്വേഷണം നടത്തിയും മാത്രമാണ് ബിനാമി സ്ഥാപനങ്ങൾ കണ്ടെത്തിയിരുന്നത്. നിലവിൽ ബിനാമി ബിസിനസ് വിരുദ്ധ പോരാട്ടത്തിന് ഇരുപതു സർക്കാർ വകുപ്പുകളെ പരസ്പരം ബന്ധിപ്പക്കുകയും ബിനാമി ബിസിനസുകൾ കണ്ടെത്താൻ സഹായിക്കുന്ന 120 ലേറെ സൂചനകൾ നിർണയിക്കുകയും ചെയ്തിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെയും ഡാറ്റ അനലിസിസിന്റെയും സഹായത്തോടെ നിയമ ലംഘനം സംശയിക്കുന്ന സ്ഥാപനങ്ങൾ മുൻകൂട്ടി നിർണയിച്ച് പരിശോധനകൾ നടത്തി നിയമ ലംഘകരെ പിടികൂടി ശിക്ഷാ നടപടികൾ സ്വീകരിക്കാൻ നിരീക്ഷണ സംഘങ്ങളെ നിയോഗിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ ബന്ധപ്പെട്ട വകുപ്പുകൾ സമീപ കാലത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ചില്ലറ വ്യാപാര മേഖലയിൽ ഇ-പെയ്മെന്റ് സംവിധാനം നിർബന്ധമാക്കൽ, ബിനാമി ബിസിനസിന്റെ അപകടങ്ങളെ കുറിച്ച ബോധവൽക്കരണ കാമ്പയിൻ, നിയമ ലംഘകരുടെ പദവി ശരിയാക്കാനുള്ള പദ്ധതി, ബിനാമി ബിസിനസ് പ്രവണത വ്യാപകമായ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുള്ള നഗരസഭാ വ്യവസ്ഥകൾ പരിഷ്കരിക്കൽ എന്നിവ ഇതിൽ പെടുന്നു.