റിയാദ്:താപനില ഗണ്യമായി ഉയരുന്നതിനാലും വിഷവാതകങ്ങളടങ്ങിയ കാറ്റ് അടിക്കുന്നതിനാലും അടുത്ത 45 ദിവസം ഉച്ചസമയത്തെ മരുഭൂ റോഡ് യാത്ര പരമാവധി ഒഴിവാക്കണമെന്ന സൗദി കാലാവസ്ഥ വിദഗ്ധന്‍ ഡോ. ഖാലിദ് അല്‍സആഖ് അഭ്യര്‍ഥിച്ചു. രാവിലെയോ വൈകുന്നേരമോ യാത്ര ചെയ്യുന്നതാണ് ഉചിതം.
ഈ ദിവസങ്ങളില്‍ കാറ്റ് വീശുന്നത് നമുക്ക് അനുഭവപ്പെട്ടിട്ടുണ്ടാകും. ഇത് സംബന്ധിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ കാറ്റിനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. സൗദിയുടെ പടിഞ്ഞാര്‍ ഭാഗത്തെ തിഹാമ പ്രദേശം, യെമന്‍, ആഫ്രിക്കയുടെ മുനമ്പ് എന്നിവയുടെ തീരങ്ങളില്‍ സ്ഥിരമായ കാറ്റാണതില്‍ ഒന്നാമത്തേത്. വേനല്‍ക്കാലത്ത് പൊതുവെ പൊടിയും മണ്ണും ഇളക്കിവിട്ടാണ് ഇത് അടിച്ചുവീശുന്നത്. പൊതുജനങ്ങള്‍ ഇതിനെ പൊടിയുടെ സീസണ്‍ അല്ലെങ്കില്‍ ‘ഗുബൈറ’ എന്ന് വിളിക്കുന്നു. സൂര്യോദയത്തോടെ ആരംഭിക്കുന്ന സൂര്യനോടൊപ്പം ഉയരുന്ന രണ്ടാമത്തെ കാറ്റ് ഉച്ചയോടെ തീവ്രമാകും. സൂര്യന്‍ അസ്തമിക്കുമ്പോള്‍ പൊടിപടലങ്ങള്‍ പ്രതലങ്ങളില്‍ അടിഞ്ഞു കൂടും. പൊതുജനങ്ങള്‍ ഇതിനെ ‘അല്‍ബവാരിഹ’ എന്ന് വിളിക്കുന്നു. മരുഭൂമിയിലെ മണലിന് സ്ഥാനചലനമുണ്ടാക്കുന്ന കാറ്റാണിത്. ഈ രണ്ടാമത്തെ കാറ്റ് വേനല്‍കാലം മുഴുവന്‍ തുടരും. അടുത്ത 52 ദിവസം ചുടുകാറ്റായിരിക്കും. ഇത് വിഷക്കാറ്റ് എന്നും അറിയപ്പെടുന്നു. അദ്ദേഹം പറഞ്ഞു.