ദോഹ:നടപ്പുവര്‍ഷം അവസാന പാദത്തില്‍ ഖത്തര്‍ ടൂറിസം മേഖല ഗണ്യമായ കുതിച്ചുചാട്ടം നടത്തുമെന്ന് ട്രാവല്‍ ആന്‍ഡ് ടൂറിസം ഇന്‍ഡസ്ട്രി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഫോര്‍മുല 1 ഖത്തര്‍ ഗ്രാന്‍ഡ് പ്രിക്‌സ്, എക്‌സ്‌പോ 2023 ദോഹ എന്നിവയുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന പരിപാടികള്‍ രാജ്യത്തെ ടൂറിസം മേഖലക്ക് കരുത്ത് പകരും. 2023 നവംബറില്‍ നടക്കുന്ന മോട്ടോ ജിപി വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ, വര്‍ഷത്തിലെ അവസാന മൂന്ന് മാസങ്ങളില്‍ രാജ്യം നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സാധാരണയായി ഷോള്‍ഡര്‍ സീസണായി കണക്കാക്കപ്പെടുന്ന ഡിസംബര്‍ പോലും ഷെഡ്യൂള്‍ ചെയ്ത കോണ്‍ഫറന്‍സുകള്‍, ഫോറങ്ങള്‍, മീറ്റിംഗുകള്‍ എന്നിവ കാരണം സജീവമാകും.
ഖത്തര്‍ ടൂറിസത്തില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് നിലവില്‍ ഹോട്ടലുകളും അപ്പാര്‍ട്ടുമെന്റുകളും ഉള്‍പ്പെടെ 38,443 റൂമുകളുണ്ട്. ഇവയുടെ ഒക്യുപ്പന്‍സി നിരക്ക് 55% ആണ്.
പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി (പിഎസ്എ) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഖത്തറിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് വ്യക്തമാണ്. 2023 മെയ് മാസത്തില്‍ മാത്രം, 285,000ലധികം സന്ദര്‍ശകര്‍ എത്തി, ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 72% വര്‍ദ്ധനവ് രേഖപ്പെടുത്തി.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വരവാണ് സന്ദര്‍ശകരുടെ എണ്ണത്തിലെ വളര്‍ച്ചയ്ക്ക് പ്രധാനമായും കാരണമായത്. മൊത്തം സന്ദര്‍ശകരുടെ 37% ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. അതേസമയം, സന്ദര്‍ശകരില്‍ 29% ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും 17% മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും 9% അറബ് രാജ്യങ്ങളില്‍ നിന്നും ഉള്ളവരാണ്. അറബ് ടൂറിസം തലസ്ഥാനമെന്ന നിലയില്‍ ഈ വര്‍ഷം ഖത്തറില്‍ വലിയ ടൂറിസം സാധ്യതകളാണ് പ്രതീക്ഷിക്കപ്പെടുന്നത്.