ജിദ്ദ:ലോകത്ത് ഏറ്റവുമധികം വിദേശ ടൂറിസ്റ്റുകളെ സ്വീകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ 12 സ്ഥാനങ്ങൾ മറികടന്ന് 13 ാം സ്ഥാനത്തേക്ക് ഉയർന്നു. കോവിഡ് മഹാമാരി വ്യാപനത്തിനു മുമ്പ് 2019 ൽ പട്ടികയിൽ 25 ാം സ്ഥാനത്തായിരുന്നു സൗദി അറേബ്യ. 2019 ആദ്യ പാദത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പാദത്തിൽ സൗദി അറേബ്യ സന്ദർശിച്ച വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 64 ശതമാനം തോതിൽ വർധിച്ചു. ഇക്കാലയളവിൽ ലോകത്ത് ടൂറിസം മേഖലയിൽ ഏറ്റവുമധികം വളർച്ച രേഖപ്പെടുത്തിയ ലോകത്തെ രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യയെന്നും വേൾഡ് ടൂറിസം ഓർഗനൈസേഷൻ വിവരങ്ങൾ വ്യക്തമാക്കുന്നു.
ഈ വർഷം ആദ്യ പാദത്തിൽ സൗദിയിൽ വിദേശ ടൂറിസ്റ്റുകൾ നടത്തിയ ധനവിനിയോഗത്തിൽ റെക്കോർഡ് വളർച്ച. മൂന്നു മാസത്തിനിടെ വിദേശ ടൂറിസ്റ്റുകൾ രാജ്യത്ത് 980 കോടി ഡോളർ ചെലവഴിച്ചു. കഴിഞ്ഞ കൊല്ലം അവസാന പാദത്തിൽ വിദേശ ടൂറിസ്റ്റുകളുടെ ധനവിനിയോഗം 700 കോടി ഡോളറായിരുന്നു. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 300 കോടി ഡോളറും രണ്ടാം പാദത്തിൽ 400 കോടി ഡോളറും മൂന്നാം പാദത്തിൽ 900 കോടി ഡോളറും വിദേശ ടൂറിസ്റ്റുകൾ സൗദിയിൽ ചെലവഴിച്ചു.
സൗദി അറേബ്യയുടെ ചരിത്രത്തിൽ വിദേശ ടൂറിസ്റ്റുകൾ ഏറ്റവുമധികം ധനവിനിയോഗം നടത്തിയത് കഴിഞ്ഞ വർഷമായിരുന്നു.
കഴിഞ്ഞ കൊല്ലം വിനോദ സഞ്ചാര മേഖലയിൽ സൗദി അറേബ്യ ആദ്യമായി 756 കോടി ഡോളർ മിച്ചം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം വിദേശ ടൂറിസ്റ്റുകൾ സൗദിയിൽ 2300 കോടി ഡോളർ ചെലവഴിച്ചു. തീർഥാടകർ അടക്കം വ്യത്യസ്ത ആവശ്യങ്ങൾക്ക് കഴിഞ്ഞ വർഷം ആകെ 1.66 കോടി വിദേശ ടൂറിസ്റ്റുകളാണ് രാജ്യത്തെത്തിയതെന്ന് വേൾഡ് ടൂറിസം ഓർഗനൈസേഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര ടൂറിസം വരുമാന സൂചികയിൽ 16 സ്ഥാനങ്ങൾ മറികടന്ന് കഴിഞ്ഞ വർഷം സൗദി അറേബ്യ 11 ാം സ്ഥാനത്തെത്തി. 2019 ൽ 25 ാം സ്ഥാനത്തായിരുന്നു സൗദി അറേബ്യ. ടൂറിസം മേഖലയിൽ ആഗോള നേട്ടങ്ങൾ ഈ വർഷവും സൗദി അറേബ്യ തുടർന്നു. ഈ കൊല്ലം ആദ്യ പാദത്തിൽ 78 ലക്ഷം ടൂറിസ്റ്റുകളെ സൗദി അറേബ്യ സ്വീകരിച്ചു. സൗദി അറേബ്യയുടെ ചരിത്രത്തിൽ ഒരു പാദവർഷത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും മികച്ച പ്രകടനമാണിത്.