ജിദ്ദ:വാഹനങ്ങളിൽ പരിശോധന കർശനമാക്കി സൗദി ഗതാഗത വകുപ്പ് രംഗത്ത്. നിയമ ലംഘനങ്ങൾ കണ്ടെത്തിയ നിരവധി വാഹനങ്ങൾ പിടികൂടി. കഴിഞ്ഞ മാസം 43,429 വാഹനങ്ങളാണ് ഇത്തരത്തിൽ സൗദി പൊതുഗതാഗത അതോറിറ്റി പിടികൂടിയത്.
ഡ്രൈവർ കാർഡ് ലഭിക്കുന്നതിനു മുമ്പായി ഡ്രൈവർമാരെ ജോലിക്കു വെക്കൽ, ഓപ്പറേറ്റിംഗ് കാർഡ് ഇല്ലാതെ വാഹനം സർവീസിന് ഉപയോഗിക്കൽ, അതോറിറ്റി അംഗീകരമില്ലാത്ത അലങ്കാര വസ്തുക്കളും സ്റ്റിക്കറുകളും ബസുകൾക്കകത്തും പുറത്തും സ്ഥാപിക്കൽ, ചരക്ക് നീക്കത്തിനുള്ള ഡോക്യുമെന്റ് ഇല്ലാതിരിക്കൽ എന്നിവയാണ് വാഹനങ്ങളുടെ ഭാഗത്ത് പ്രധാനമായും കണ്ടെത്തി നിയമ ലംഘനങ്ങൾ.
ഏറ്റവുമധികം നിയമ ലംഘനങ്ങൾ കണ്ടെത്തിയത് ചരക്ക് ഗതാഗത വാഹനങ്ങളുടെ ഭാഗത്താണ്. ബസുകൾ, ടാക്‌സികൾ എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ജൂണിൽ കര ഗതാഗത മേഖലയിൽ 2,14,923 പരിശോധനകളാണ് പൊതുഗതാഗത അതോറിറ്റി സംഘങ്ങൾ നടത്തിയത്. ഇതിൽ 2,13,266 പരിശോധനകൾ സൗദി രജിസ്‌ട്രേഷനുള്ള ബസുകളിലും ടാക്‌സികളിലും ലോറികളിലുമാണ് നടത്തിയത്.
വിദേശ രജിസ്‌ട്രേഷനുള്ള 618 വാഹനങ്ങളും പരിശോധിച്ചു. ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 1039 പരിശോധനകൾ നടത്തി. സമുദ്ര ഗതാഗത മേഖലയിൽ 1071 പരിശോധനകളും റെയിൽവേ സ്റ്റേഷനുകളിൽ 13 ഫീൽഡ് സന്ദർശനങ്ങളും നടത്തി. സൗദി പൊതുഗതാഗത അതോറിറ്റി സംഘങ്ങൾ നടത്തിയ പരിശോധനകളിൽ ബസുകളുടെയും ലോറികളുടെയും ടാക്‌സികളുടെയും ഭാഗത്ത് 41,355 നിയമ ലംഘനങ്ങൾ കണ്ടെത്തി. ക്യാമറകൾ ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് പരിശോധനകളിലൂടെ 2074 നിയമ ലംഘനങ്ങളും രജിസ്റ്റർ ചെയ്തു.
സമുദ്ര ഗതാഗത മേഖലയിൽ 16 നിയമ ലംഘനങ്ങൾ കണ്ടെത്തി. റെയിൽവേ സ്റ്റേഷനുകളിൽ മൂന്നു വീഴ്ചകളും ശ്രദ്ധയിൽപെട്ടു. കരഗതാഗത മേഖലയിൽ പരിശോധനകൾ നടത്തിയ വാഹനങ്ങളിലും സ്ഥാപനങ്ങളിലും 87 ശതമാനവും സമുദ്ര ഗതാഗത മേഖലയിൽ 99 ശതമാനവും റെയിൽവേ മേഖലയിൽ 100 ശതമാനവും നിയമ, വ്യവസ്ഥകൾ പൂർണമായും പാലിക്കുന്നതായി വ്യക്തമായി.
കഴിഞ്ഞ മാസം ഏറ്റവുമധികം നിയമ ലംഘനങ്ങൾ കണ്ടെത്തിയത് മക്ക പ്രവിശ്യയിലാണ്. ഇവിടെ 28,389 നിയമ ലംഘനങ്ങൾ കണ്ടെത്തി. രണ്ടാം സ്ഥാനത്തുള്ള മദീന പ്രവിശ്യയിൽ 4087 ഉം മൂന്നാം സ്ഥാനത്തുള്ള റിയാദിൽ 3594 ഉം നാലാം സ്ഥാനത്തുള്ള കിഴക്കൻ പ്രവിശ്യയിൽ 3304 ഉം ഗതാഗത നിയമ ലംഘനങ്ങൾ കഴിഞ്ഞ മാസം കണ്ടെത്തി.