അർദ്ധ വാർഷിക സ്വദേശീവത്കരണം നടപ്പാക്കാൻ യുഎഇയിലെ സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് ഏർപ്പെടുത്തിയ സമയപരിധി വെള്ളിയാഴ്ച അവസാനിക്കും. ഈദ് അൽ അദ്ഹ അവധി പ്രമാണിച്ച് ജൂലൈ 7 വരെ നീട്ടിനൽകിയ സമയപരിധിയാണ് അവസാനിക്കുന്നത്.കുറഞ്ഞത് 50 ജീവനക്കാരുളള കമ്പനികളിൽ പുതിയതായി ഒരു ശതമാനം നിയമനമാണ് പൂർത്തിയാക്കേണ്ടത്. കഴിഞ്ഞ വർഷം നടപ്പാക്കിയ രണ്ട് ശതമാനം കൂടി കണക്കാക്കി മൂന്ന് ശതമാനം നിയമനം ഉറപ്പാക്കണം. ലക്ഷ്യം കൈവരിക്കുന്നതിൽ പരാജയപ്പെടുന്ന തൊഴിലുടമകളിൽ നിന്ന് പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്.
നികത്താത്ത ഓരോ എമിറാത്തി നിയമനത്തിനും 42,000 ദിർഹം വീതമാണ് പിഴ ചുമത്തുകയെന്ന് മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഫ്രീ സോണുകളിലെ കമ്പനികളെ സ്കീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും കമ്പനികൾ നടപ്പാക്കുന്ന സ്വദേശിവത്കരണത്തെ നിരുത്സാഹപ്പെടുത്തില്ല.ഓരോ ആറു മാസത്തിലും കമ്പനികൾ എമിറാത്തി തൊഴിലാളികളുടെ അനുപാതം 1 ശതമാനം വർദ്ധിപ്പിക്കണമെന്നും വാർഷിക അടിസ്ഥാനത്തിൽ 2 ശതമാനം പൂർത്തീകരിക്കണമെന്നും ആണ് നിർദ്ദേശം. 2023 ഡിസംബറൊടെ 4 ശതമാനം സ്വദേശിവത്കരണമാണ് പൂർത്തിയാവുക. 2026 അവസാനത്തോടെ 10 ശതമാനം സ്വദേശിവത്കരണം പൂർത്തിക്കുന്നതാണ് പദ്ധതി.