ജിദ്ദ:സഊദിയിൽ സ്വകാര്യ മേഖലയിൽനിന്ന്
മൂന്നു മാസത്തിനിടെ അര ലക്ഷം ജീവനക്കാർ
രാജിവെച്ചതായി കണക്ക്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 50,826 ജീവനക്കാരാണ് ജോലിയിൽ നിന്ന് രാജിവെച്ചത്.
മൂന്നു മാസത്തിനിടെ വിവിധ കാരണങ്ങളാൽ 1,41,033 പേർ സ്വകാര്യ മേഖലയിൽനിന്ന് കൊഴിഞ്ഞുപോയി. ഇത്രയും പേരാണ് ആദ്യ പാദത്തിൽ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) വരിസംഖ്യ അടക്കുന്നത് നിർത്തിവെച്ചത്. ഇക്കൂട്ടത്തിൽ അര ലക്ഷത്തിലേറെ പേർ ജോലി രാജിവെക്കുകയായിരുന്നു.
രാജിവെച്ചവരിൽ 55.6 ശതമാനം (28,291) പേർ പുരുഷന്മാരാണ്. 22,535 വനിതാ ജീവനക്കാരും മൂന്നു മാസത്തിനിടെ രാജിവെച്ചു. ഇക്കൂട്ടത്തിൽ 98.5 ശതമാനം പേരും സ്വദേശികളാണ്. മൂന്നു മാസത്തിനിടെ 50,042 സൗദി ജീവനക്കാർ രാജിവെച്ചു. ഇതിൽ 27,792 പേർ പുരുഷന്മാരും 22,250 പേർ വനിതകളുമാണ്. ഇക്കാലയളവിൽ 784 വിദേശ ജീവനക്കാരും ജോലിയിൽ നിന്ന് രാജിവെച്ചു.
മെയ് മാസത്തിൽ സൗദികൾക്ക് പെൻഷൻ ഇനത്തിൽ 1,050 കോടി റിയാലും തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതി (സാനിദ്) വകയിൽ 7.64 കോടി റിയാലും തൊഴിൽ അപകട ഇൻഷുറൻസ് ഇനത്തിൽ 1.46 കോടി റിയാലും ഗോസി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. ഈ വർഷം ആദ്യ പാദത്തിൽ 1,37,000 ലേറെ ജീവനക്കാരെ ഗോസിയിൽ പുതുതായി രജിസ്റ്റർ ചെയ്തു.
സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാർക്ക് നടപ്പാക്കുന്ന തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയായ സാനിദ് വരിസംഖ്യ ഒന്നര ശതമാനമായി അടുത്തിടെ കുറച്ചിരുന്നു. നേരത്തെ തൊഴിൽ നഷ്ട ഇൻഷുറൻസ് വരിസംഖ്യയായി വേതനത്തിന്റെ രണ്ടു ശതമാനമാണ് ഗോസിയിൽ അടക്കേണ്ടിയിരുന്നത്.
വരിസംഖ്യയുടെ പകുതി തൊഴിലുടമയും ശേഷിക്കുന്ന പകുതി തൊഴിലാളിയുമാണ് വഹിക്കേണ്ടത്. തൊഴിൽ നഷ്ട ഇൻഷുറൻസ് പരിരക്ഷ പ്രകാരം വിതരണം ചെയ്യുന്ന ധനസഹായ തുകയെ വരിസംഖ്യ കുറക്കാനുള്ള തീരുമാനം ബാധിക്കില്ല. 2014 മുതലാണ് സാനിദ് പദ്ധതി ഗോസി നടപ്പാക്കി തുടങ്ങിയത്.
തൊഴിൽ അപകട ഇൻഷുറൻസ് പരിരക്ഷയായി അടിസ്ഥാന വേതനത്തിന്റെ രണ്ടു ശതമാനവും ഗോസിയിൽ അടക്കൽ നിർബന്ധമാണ്. ഈ തുക തൊഴിലുടമകളാണ് വഹിക്കേണ്ടത്. സ്വദേശികൾക്കും വിദേശികൾക്കുമെല്ലാം തൊഴിൽ അപകട ഇൻഷുറൻസ് വിഹിതം ഗോസിയിൽ അടക്കൽ നിർബന്ധമാണ്.