ദോഹ:റൗദത്ത് അല്‍ ഹമാമയില്‍ എയര്‍കണ്ടീഷന്‍ ചെയ്ത ജോഗിംഗ് ട്രാക്കുകളുള്ള മറ്റൊരു പ്രധാന പൊതു പാര്‍ക്ക് ഉടന്‍ തുറക്കുമെന്ന് ഖത്തറിലെ റോഡുകളും പൊതു സ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയിലെ പ്രോജക്ട് മാനേജര്‍ ജാസിം അബ്ദുള്‍റഹ്മാന്‍ ഫഖ്‌റൂ പറഞ്ഞു. ഖത്തര്‍ ടിവിയോട്് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമീപപ്രദേശങ്ങള്‍ക്ക് കൂടി സേവനം നല്‍കുന്നതിനായി വളരെ വലിയ പ്രദേശത്ത് വികസിപ്പിച്ചുകൊണ്ടിരിക്കുന്നതാണ് റൗദത്ത് അല്‍ ഹമാമ സെന്‍ട്രല്‍ പബ്ലിക് പാര്‍ക്കെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ക്കില്‍ എയര്‍കണ്ടീഷന്‍ ചെയ്ത ജോഗിംഗ് ട്രാക്കുകള്‍ ഉണ്ടായിരിക്കും. ഖത്തര്‍ പരിതസ്ഥിതിയില്‍ നിന്നുള്ള നിരവധി മരങ്ങളുള്ള വലിയ ഹരിത ഇടങ്ങളുണ്ടാകും. വന്‍തോതില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ആവശ്യമായ പാര്‍ക്കിങ് സ്ഥലങ്ങളുണ്ടാകും. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങളും ഇതിലുണ്ടാകും- ഫഖ്‌റൂ പറഞ്ഞു.
എല്ലാ പ്രായത്തിലുമുള്ള ആളുകളെ ആകര്‍ഷിക്കുന്നതിനായി മിക്ക സെന്‍ട്രല്‍ പാര്‍ക്കുകളിലും ജോഗിംഗ് ട്രാക്കുകളും ഫിറ്റ്‌നസ് ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അല്‍ ഗരാഫ പബ്ലിക് പാര്‍ക്ക്, ഉമ്മുല്‍ സെനീം പബ്ലിക് പാര്‍ക്ക്, മുന്‍തസയിലെ റൗദത്ത് അല്‍ ഖൈല്‍ പാര്‍ക്ക് എന്നിങ്ങനെ നിരവധി സെന്‍ട്രല്‍ പാര്‍ക്കുകള്‍ ഖത്തറിലുണ്ട്- ഫഖ്‌റൂ പറഞ്ഞു.
ബീച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ പൊതു ബീച്ചുകള്‍ വികസിപ്പിക്കുക, നിരവധി പുതിയ അയല്‍പക്ക പാര്‍ക്കുകള്‍ നിര്‍മ്മിക്കുക എന്നിവയാണ് ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും മനോഹരമാക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയുടെ ഭാവി പദ്ധതികളെന്ന് അദ്ദേഹം പറഞ്ഞു.
കൂടുതല്‍ പാര്‍ക്കുകളും ഹരിത ഇടങ്ങളും നല്‍കാനും പൊതു പാര്‍ക്കുകളിലും ബീച്ചുകളിലും ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കാനുമാണ് കമ്മിറ്റി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് സേവനം നല്‍കുന്ന തരത്തിലാണ് പാര്‍ക്കുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജോഗിംഗ് ട്രാക്കുകള്‍, സൈക്ലിംഗ് ട്രാക്കുകള്‍, കുട്ടികള്‍ക്കുള്ള ഉപകരണങ്ങളുള്ള കളിസ്ഥലങ്ങള്‍, ഖത്തരി പരിസ്ഥിതിയില്‍ നിന്നുള്ള മരങ്ങള്‍, ഹരിത ഇടങ്ങള്‍ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മിക്ക പാര്‍ക്കുകളിലുമുണ്ട്.
ഖത്തറിലെ റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവല്‍ക്കരണത്തിന്റെ സൂപ്പര്‍വൈസറി കമ്മിറ്റി കാര്‍ബണ്‍ കാല്‍പ്പാടുകള്‍ കുറയ്ക്കുന്നതിന് പൊതു പാര്‍ക്കുകളും ഹരിത ഇടങ്ങളും വര്‍ധിപ്പിക്കുന്നു- ഫഖ്‌റൂ പറഞ്ഞു.