മക്ക: ഹജ്ജിനു വിജയകരമായ പരിസമാപ്തി. ഹാജിമാർ മടക്ക യാത്രയുടെ തിരക്കിലേക്ക്.
വിടവാങ്ങൽ പ്രദക്ഷിണം (ത്വവാഫുൽ വിദാഅ്) നടത്തി വികാരനിർഭരമായിരുന്നു യാത്ര പറയൽ. കല്ലേറു പൂർത്തിയാക്കി ഇന്നലെ സന്ധ്യയ്ക്കു മുൻപ് മിനായുടെ അതിർത്തി കടന്നവരിൽ രാജ്യം വിടുന്നവരാണ് മക്കയിലെത്തി പ്രദക്ഷിണം നിർവഹിച്ച് തിരിച്ചുപോയത്.
ഹജ്ജ് വേളയിൽ ഹാജിമാർ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച മിനായിലെ കൂടാരത്തിന്റെ രാത്രി ദൃശ്യം. ഇന്ന് ഉച്ചയ്ക്കുശേഷം വിജനമാകുന്ന മിന ഇനി സജീവമാകുക അടുത്ത ഹജ് സീസണിൽ.
മറ്റുള്ളവർ രാജ്യം വിടുന്ന ദിവസമായിരിക്കും വിടവാങ്ങൽ പ്രദക്ഷിണം നടത്തുക. എന്നാൽ തിരക്ക് ഒഴിവാക്കാനായി ഇന്നലെ മിനായിൽ തങ്ങിയവർ ഇന്നു കല്ലെറിഞ്ഞ ശേഷം മടങ്ങും. ഇവർ മക്കയിലെത്തി പ്രദക്ഷിണം നടത്തി പിരിയുന്നതോടെ ഇത്തവണ ഹജിന് പൂർണ വിരാമമാകും.
ഒരാഴ്ചയായി പ്രാർഥനാ മന്ത്രങ്ങൾ അലയടിച്ച മിനാ താഴ്വാരം ഇനി ഉണരാൻ അടുത്ത ഹജ് സീസൺ വരെ കാത്തിരിക്കണം. ഭൗതിക ചിന്തകളും പ്രവൃത്തികളും മാറ്റിവച്ച് ഒരാഴ്ച മനസ്സും ശരീരവും പൂർണമായും സ്രഷ്ടാവിൽ അർപ്പിച്ചു പശ്ചാത്തപിച്ച് പ്രാർഥിച്ചും നേടിയ വിശുദ്ധി ഹാജിമാർക്ക് പുതിയൊരു ജീവിതത്തിന്റെ തുടക്കമാവും.ഇസ്ലാമിന്റെ 5 അടിസ്ഥാന ശിലകളിൽ അവസാനത്തേതും പൂർത്തിയാക്കിയ ആത്മനിർവൃതിയോടെയാണ് മടക്കം. എങ്കിലും കഅബയോടുള്ള വിടവാങ്ങൽ ഹാജിമാരുടെ കണ്ണുകൾ നിറച്ചു.