ജിദ്ദ- സൗദി അറേബ്യയിലെ ജിദ്ദയില്‍ യു.എസ് കോണ്‍സുലേറ്റിന് സമീപമുണ്ടായ വെടിവെപ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. തോക്കുമേന്തി കാറില്‍നിന്ന് പുറത്തിറങ്ങിയ അക്രമിയും നേപ്പാള്‍ സ്വദേശിയായ സെക്യൂരിറ്റി ഗാര്‍ഡുമാണ് കൊല്ലപ്പെട്ടത്.
അക്രമിയെ സുരക്ഷാ സേന വെടിവെച്ച് കൊലപ്പെടുത്തിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി (എസ്.പി.എ) റിപ്പോര്‍ട്ട് ചെയ്തു.
അജ്ഞാതന്‍ യു.എസ് കോണ്‍സുലേറ്റിനു സമീപം കാര്‍ നിര്‍ത്തി തോക്കുമായി പുറത്തിറങ്ങുകയായിരുന്നു. സുരക്ഷാ സേനയുമായുണ്ടായ വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിനിടെ പരിക്കേറ്റ യു.എസ് കോണ്‍സുലേറ്റിലെ നേപ്പാള്‍ സ്വദേശിയായ സെക്യൂരിറ്റി ഗാര്‍ഡ് പിന്നീട് മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വെടിവെപ്പ് രണ്ട് മരണങ്ങള്‍ക്ക് കാരണമായതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് സ്ഥിരീകരിച്ചു. കോണ്‍സുലേറ്റ് അടച്ചിരിക്കയാണ്. സംഭവത്തില്‍ യു.എസ് പൗരന്മാര്ക്ക് പരിക്കില്ല. വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
യു.എസ് എംബസിയും കോണ്‍സുലേറ്റും സൗദി അധികൃതരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.മരിച്ച സെക്യൂരിറ്റി ഗാര്‍ഡിന്റെ കുടുംബത്തെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അനുശോചനം അറിയിച്ചു