Abha-വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടിയതോടെ അവധി ലഭിച്ചിട്ടും നാട്ടിൽ പോകാനാവാതെ നിരവധി മലയാളികൾ നിരാശയിൽ. രണ്ട് വർഷത്തിലേറെ നീണ്ടുനിന്ന കോവിഡ് കാലത്തെ ദുരിതങ്ങൾ കാരണം പലരും നാട്ടിലേക്കുള്ള യാത്ര നീട്ടിവെച്ചതായിരുന്നു. ഇത്തവണയെങ്കിലും ഈദ് ദിനം കുടുംബത്തോടൊപ്പം ആഘോഷിക്കാൻ ആഗ്രഹിച്ചവർക്ക് വർധിച്ച ടിക്കറ്റ് നിരക്ക് വിഘാതമായി. ഇപ്പോഴത്തെ നിരക്ക് പ്രകാരം ഒരു ലക്ഷം രൂപയോളവും അതിലധികവും വേണം വൺവേ യാത്രക്ക് മാത്രം. ഓരോ ആഘോഷ വേളകളിലും അവധിക്കാലങ്ങളിലും അനിയന്ത്രിതമായി വരുത്തുന്ന ടിക്കറ്റ് വർധന പ്രവാസി സമൂഹത്തെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്. എന്നാൽ ഭരണ, പ്രതിപക്ഷ കക്ഷികളോ പ്രവാസികളെ ആശ്രയിക്കുന്ന മറ്റു ഇതര മതസംഘടന പ്രതിനിധികളോ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് പരക്കെ പരാതിയുണ്ട്.
മൂവായിരം റിയാലിനും മുകളിലാണ് വൺവേ ടിക്കറ്റ് നിരക്ക്. അബഹയിൽ നിന്നും റിയാദ് വഴി പോകുന്ന ഫ്ളൈ നാസിനാണ് ഏറ്റവും കുറഞ്ഞ ചാർജ്. ഇതു തന്നെ മൂവായിരം റിയാലിന് മുകളിൽ വരും.
മറ്റു വിമാനങ്ങളെല്ലാം ദുബായ്, ഷാർജ വഴി പോകുന്നതുകൊണ്ട് ടിക്കറ്റിന് വൻനിരക്കാണ് ഈടാക്കുന്നത്. സാധാരണക്കാരായ പ്രവാസികൾക്ക് ഇത് വലിയ തിരിച്ചടിയാണ്. വിമാന ടിക്കറ്റിന്റെ അനിയന്ത്രിയമായ വർധനക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു.