ജിദ്ദ:കഴിഞ്ഞ വർഷം സൗദിയിൽ ഭക്ഷ്യോൽപന്ന കയറ്റുമതി 1,700 കോടിയിലേറെ റിയാലായി ഉയർന്നതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് വെളിപ്പെടുത്തി. സൗദി ഫുഡ് ഷോയോടനുബന്ധിച്ച ചർച്ചാ സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2035 ഓടെ ഭക്ഷ്യോൽപന്ന കയറ്റുമതി 4,000 കോടിയിലേറെ റിയാലായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭക്ഷ്യവ്യവസായ മേഖലയിൽ ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കാനും മികച്ച നിക്ഷേപങ്ങൾ ആകർഷിക്കാനും വ്യവസായ, ധാതുവിഭവ മന്ത്രാലയവും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും സഹകരിച്ച് പ്രവർത്തിക്കുന്നു. നിരവധി ഭക്ഷ്യോൽപന്നങ്ങളിൽ സൗദി അറേബ്യ ഉയർന്ന സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ട്. പാൽ, പാലുൽപന്ന മേഖലയിൽ സ്വയംപര്യാപ്ത ആവശ്യമായ അനുപാതത്തെക്കാൾ കൂടുതലാണ്. സ്വയംപര്യാപ്തത കോഴിയിറച്ചി മേഖലയിൽ 70 ശതമാനവും റെഡ് മീറ്റ് മേഖലയിൽ 57 ശതമാനവും മത്സ്യ മേഖലയിൽ 60 ശതമാനവുമാണ്.
സൗദിയിൽ മാത്രം സ്വയംപര്യാപ്തതയും ഭക്ഷ്യസുരക്ഷയും കൈവരിക്കുന്നതിനെ കുറിച്ച് രാജ്യം ഇപ്പോൾ ചിന്തിക്കുന്നില്ല. വ്യാവസായിക ശേഷികൾ കെട്ടിപ്പടുക്കാനുള്ള പ്രധാന കേന്ദ്രമായി മാറാൻ അവസരമൊരുക്കുന്ന വിശിഷ്ടമായ ഭൂമിശാസ്ത്രപരമായ സ്ഥാനം പ്രയോജനപ്പെടുത്തി മേഖലയിലാകെ സ്വയംപര്യാപ്തതയും ഭക്ഷ്യസുരക്ഷയും കൈവരിക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. ദേശീയ സമ്പദ്‌വ്യവസ്ഥക്കുള്ളിൽ അധിക മൂല്യം വർധിപ്പിക്കൽ അടക്കം നിരവധി നേട്ടങ്ങൾ കൈവരിക്കാൻ ദേശീയ വ്യവസായ തന്ത്രം പ്രവർത്തിക്കുന്നതായും വ്യവസായ, ധാതുവിഭവ മന്ത്രാലയം പറഞ്ഞു.
പൊതുവായതും പരസ്പരാശ്രിതവുമായ താൽപര്യങ്ങൾ ലോകത്ത് ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിന് ഭക്ഷ്യഉൽപാദനത്തിലും സംസ്‌കരണത്തിലും രാജ്യങ്ങൾ പരസ്പരം സഹകരിക്കൽ നിർബന്ധമാക്കുന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ അബ്ദുറഹ്മാൻ അൽഫദ്‌ലി പറഞ്ഞു. സർക്കാറിനു പുറമെ സ്വകാര്യ മേഖലയും ഉപയോക്താക്കളും സംഭാവന നൽകുന്ന തുടർച്ചയായ പ്രവർത്തനമാണ് ഭക്ഷ്യസുരക്ഷ കൈവരിക്കൽ. വലിയ തോതിൽ ഭക്ഷ്യവസ്തുക്കൾ പാഴാക്കപ്പെടുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ കൈവരിക്കാൻ സാധിക്കില്ല.
സൗദിയിൽ 30 ശതമാനം വരെ ഭക്ഷ്യവസ്തുക്കൾ പാഴാക്കപ്പെടുകയാണ്. പ്രതിവർഷം 4,000 കോടിയിലേറെ റിയാൽ വിലവരുന്ന ഭക്ഷ്യവസ്തുക്കൾ രാജ്യത്ത് പാഴാക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. നേട്ടങ്ങൾ കൈവരിക്കാൻ സ്വകാര്യ മേഖലയെ സഹായിക്കുന്ന നിലക്ക് ഭക്ഷ്യമേഖലയിൽ ആകർഷകമായ നിക്ഷേപ സാഹചര്യം ലഭ്യമാക്കൽ നിർബന്ധമാണ്. സൗദിയിൽ ഭക്ഷ്യമേഖലയിൽ ആകർഷകമായ നിക്ഷേപ സാഹചര്യമാണുള്ളത്. 2015 നെ അപേക്ഷിച്ച് ഈ വർഷം കാർഷിക വികസന നിധി കാർഷിക മേഖലയിൽ അനുവദിച്ച ലഘുവായ്പകൾ 16 ഇരട്ടി കൂടുതലാണെന്നും പരിസ്ഥിതി, ജല, കൃഷി മന്ത്രി പറഞ്ഞു.