മക്ക- പുണ്യസ്ഥലങ്ങളിൽ ഹജ് തീർഥാടകരുടെ ഉപയോഗത്തിന് ഇത്തവണ ആദ്യമായി സെൽഫ്-ഡ്രൈവിംഗ് ബസുകൾ ഏർപ്പെടുത്തുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. പരിസ്ഥിതി, മനുഷ്യ സൗഹൃദമായ ഗതാഗത സേവനം സാധ്യമാക്കുന്ന നൂതനമായ ആധുനിക സാങ്കേതികവിദ്യകൾ ലഭ്യമാക്കാനും ഹാജിമാർക്ക് വൈവിധ്യമാർന്ന ഗതാഗത സൗകര്യങ്ങൾ ഒരുക്കാനുമുള്ള പദ്ധതിയുടെ ഭാഗമായാണ് സെൽഫ്-ഡ്രൈവിംഗ് ബസുകൾ ഏർപ്പെടുത്തുന്നത്. പ്രത്യേകം നിർണയിച്ച ട്രാക്കിലൂടെ മനുഷ്യ ഇടപെടലില്ലാതെ ഓടിക്കാൻ കൃത്രിമബുദ്ധി സാങ്കേതികവിദ്യകളും ക്യാമറകളും സെൻസറുകളും സെൽഫ്-ഡ്രൈവിംഗ് ബസുകൾ ഉപയോഗിക്കുന്നു. 11 സീറ്റുകൾ വീതമുള്ള ബസുകൾ ഒറ്റ ചാർജിംഗിൽ ആറു മണിക്കൂർ സഞ്ചരിക്കും. ബസുകളുടെ പരമാവധി വേഗം മണിക്കൂറിൽ 30 കിലോമീറ്റർ വരെയാണ്. സെൽഫ്-ഡ്രൈവിംഗ് ബസുകളുടെ ഉപയോഗത്തിന് ആറാം നമ്പർ ട്രാക്കാണ് നീക്കിവെച്ചിരിക്കുന്നത്. ഈ ട്രാക്കിന് നാലു കിലോമീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്.