ജിദ്ദ:ആറു ഗൾഫ് രാജ്യങ്ങളിലും കൂടി 76 വിദേശ ബാങ്കുകൾ പ്രവർത്തിക്കുന്നതായി ഗൾഫ് സഹകരണ കൗൺസിലിലെ സാമ്പത്തിക, വികസനകാര്യ വിഭാഗത്തിന്റെ കണക്ക്. ആറു വിദേശ ബാങ്കുകൾക്കു കൂടി ലൈസൻസുകൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇവ ഇനിയും പ്രവർത്തനം തുടങ്ങിയിട്ടില്ല. യു.എ.ഇയിൽ 31 ഉം സൗദിയിൽ 16 ഉം ബഹ്‌റൈനിൽ 11 ഉം ഖത്തറിൽ ഏഴും ഒമാനിൽ ഏഴും കുവൈത്തിൽ നാലും വിദേശ ബാങ്കുകൾ പ്രവർത്തിക്കുന്നു. സൗദിയിൽ ആറു വിദേശ ബാങ്കുകൾക്കു കൂടി ലൈസൻസ് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവ ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ല.
ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ്, ഇന്ത്യ, ചൈന, ഹോങ്കോംഗ്, ജോർദാൻ, ലെബനോൻ, ജർമനി, ഇറാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ബാങ്കുകൾ ഗൾഫ് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ 26 ഇസ്‌ലാമിക് വാണിജ്യ ബാങ്കുകൾ പ്രവർത്തിക്കുന്നു. ഇതിൽ ഏഴെണ്ണം യു.എ.ഇയിലും ഏഴെണ്ണം കുവൈത്തിലും ആറെണ്ണം സൗദിയിലും മൂന്നെണ്ണം ബഹ്‌റൈനിലും രണ്ടെണ്ണം ഒമാനിലും ഒന്ന് ഖത്തറിലുമാണ്.
ഗൾഫിലെ 26 ബാങ്കുകൾ വിദേശങ്ങളിൽ പ്രവർത്തിക്കുന്നു. യു.എ.ഇയിലെ ഒമ്പതും ബഹ്‌റൈനിലെ അഞ്ചും സൗദിയിലെ നാലും ഖത്തറിലെ മൂന്നും കുവൈത്തിലെ മൂന്നും ഒമാനിലെ രണ്ടും ബാങ്കുകൾ വിദേശങ്ങളിൽ പ്രവർത്തിക്കുന്നു. പരസ്പര ലയനം ബാങ്കുകളുടെ മത്സരശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കുറഞ്ഞ അപകട സാധ്യതകളോടെയും ഉയർന്ന നേട്ടത്തോടെയും കൂടിയ നിക്ഷേപാവസരങ്ങൾ ബാങ്ക് ലയനങ്ങൾ നൽകുന്നു. കഴിഞ്ഞ വർഷം മുതൽ ഇതുവരെയുള്ള കാലത്ത് സൗദിയിൽ നാലു ബാങ്കുകൾ ലയിച്ച് പുതിയ രണ്ടു ബാങ്കുകൾ നിലവിൽവന്നു. ഖത്തറിലും നാലു ബാങ്കുകൾ ലയിച്ചു.
ബഹ്‌റൈനിലും കുവൈത്തിലും ഈരണ്ടു ബാങ്കുകൾ വീതം പരസ്പരം ലയിച്ചു. ഒന്നര വർഷത്തിനിടെ യു.എ.ഇയിലും ഒമാനിലും ബാങ്കുകളൊന്നും ലയിച്ചിട്ടില്ല.
2019 ൽ അബുദാബി കൊമേഴ്‌സ്യൽ ബാങ്കും അൽഹിലാൽ ബാങ്കും യൂനിയൻ നാഷണൽ ബാങ്കും പരസ്പരം ലയിച്ച് 11,400 കോടി ഡോളർ ആസ്തികളോടെ യു.എ.ഇയിലെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്ക് നിലവിൽവന്നിരുന്നു. സൗദി ബ്രിട്ടീഷ് ബാങ്കും അൽഅവ്വൽ ബാങ്കും ലയിച്ച് 7,100 കോടി ഡോളർ ആസ്തികളോടെ സൗദിയിലെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്ക് നിലവിൽവന്നു. രണ്ടു ദശകത്തിനിടെ സൗദി അറേബ്യ സാക്ഷ്യംവഹിച്ച ആദ്യ ബാങ്ക് ലയനമായിരുന്നു ഇത്. സൗദി നാഷണൽ ബാങ്കും സാംബ ഫിനാൻഷ്യൽ ഗ്രൂപ്പും പരസ്പരം ലയിച്ച് സൗദി നാഷണൽ ബാങ്ക് നിലവിൽവന്നു. ഈ ലയനത്തിലൂടെ സൗദിയിലെ ഏറ്റവും വലിയ ബാങ്കും അറബ് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കുമായി സൗദി നാഷണൽ ബാങ്ക് മാറി. എസ്.എൻ.ബിയുടെ ആകെ ആസ്തികൾ 24,000 കോടി ഡോളറാണ്.
ഒമാൻ അറബ് ബാങ്കും അൽഇസ്സ് ഇസ്‌ലാമിക് ബാങ്കും തമ്മിൽ രണ്ടു വർഷം നീണ്ട ചർച്ചകളിലൂടെ ലയിച്ചത് ഒമാനിൽ ബാങ്ക് മേഖല സാക്ഷ്യം വഹിക്കുന്ന ആദ്യ ലയനമായിരുന്നു. അൽറയാൻ ബാങ്കും ഖലീജി കൊമേഴ്‌സ്യൽ ബാങ്കും ലയിച്ച് ഖത്തറിലെ ഏറ്റവും വലിയ ഇസ്‌ലാമിക് ബാങ്ക് നിലവിൽവന്നു. 4,700 കോടിയിലേറെ ഡോളറാണ് ഈ ബാങ്കിന്റെ ആകെ ആസ്തികൾ. ഖത്തറിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ബാങ്ക് ലയനമായിരുന്നു ഇത്. 2019 ൽ ഇന്റർനാഷണൽ ബാങ്ക് ഓഫ് ഖത്തറും ബർവ (ദുഖാൻ) ബാങ്കും ലയിച്ചിരുന്നു.
കഴിഞ്ഞ വർഷവും ഈ കൊല്ലം ആദ്യത്തിലും ഗൾഫ് ബാങ്കിംഗ് മേഖല ശക്തമായ പ്രകടനം കാഴ്ചവെച്ചതായി ലോക ബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ വർഷം ഗൾഫ് രാജ്യങ്ങൾ 2.5 ശതമാനവും അടുത്ത കൊല്ലം 3.2 ശതമാനവും സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.