ജിദ്ദ – കഴിഞ്ഞ കൊല്ലം രാജ്യത്ത് വാഹനാപകടങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം 2.1 ശതമാനം തോതിൽ കുറഞ്ഞതായി ഗതാഗത സുരക്ഷാ മന്ത്രിതല സമിതി അറിയിച്ചു. 2022 ൽ സൗദിയിൽ വാഹനാപകടങ്ങളിൽ 4,555 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ വർഷം രാജ്യത്ത് വാഹനാപകടങ്ങളുടെ എണ്ണം 28 ശതമാനം തോതിൽ വർധിച്ചു. ആകെ 18,50,250 വാഹനാപകടങ്ങളാണുണ്ടായത്. ഇതിൽ 18,33,288 അപകടങ്ങളിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ശേഷിക്കുന്നവ നിസാര അപകടങ്ങളായിരുന്നു.
കഴിഞ്ഞ വർഷം 16,962 ഗുരുതരമായ വാഹനാപകടങ്ങൾ രാജ്യത്തുണ്ടായി. ഇതിൽ 24,446 പേർക്ക് പരിക്കേൽക്കുകയും 4,555 പേർ മരണപ്പെടുകയും ചെയ്തു. 4,74,604 വാഹനാപകടങ്ങൾക്ക് കാരണം വാഹനങ്ങൾ പെട്ടെന്ന് നിയന്ത്രണം വിട്ടതാണ്. വാഹനാപകട കാരണങ്ങളിൽ ഒന്നാം സ്ഥാനത്ത് ഇതാണ്. രണ്ടാം സ്ഥാനത്ത് വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കാത്തതാണ്. ഇതുമൂലം 4,59,124 അപകടങ്ങളുണ്ടായി. ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തത് കാരണം 1,93,827 അപകടങ്ങളും വാഹന സഞ്ചാരത്തിനുള്ള മുൻഗണന ലംഘിച്ചത് കാരണം 1,84,610 അപകടങ്ങളും എതിർദിശയിൽ വാഹനമോടിച്ചത് കാരണം 14,379 അപകടങ്ങളും കഴിഞ്ഞ വർഷം സംഭവിച്ചു.
കഴിഞ്ഞ കൊല്ലം വാഹനാപകടങ്ങളിൽ മരണപ്പെട്ടവരിൽ 629 പേർ 18 ൽ കുറവ് പ്രായമുള്ളവരും 1,469 പേർ 18 മുതൽ 30 വയസ് വരെ പ്രായമുള്ളവരും 1,175 പേർ 31 മുതൽ 40 വരെ വയസ് പ്രായമുള്ളവരും 664 പേർ 41 മുതൽ 50 വരെ വയസ് പ്രായമുള്ളവരും 618 പേർ 50 വയസിൽ കൂടുതൽ പ്രായമുള്ളവരുമായിരുന്നു.