ജിദ്ദ :മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും ശക്തമായ 100 കമ്പനികളിൽ മൂന്നിലൊന്നും സൗദിയിലാണെന്ന് ഫോബ്‌സ് മിഡിൽ ഈസ്റ്റ് പുറത്തിറക്കിയ ഈ വർഷത്തെ ഏറ്റവും ശക്തമായ കമ്പനികളുടെ പട്ടിക വ്യക്തമാക്കുന്നു. പട്ടികയിൽ സൗദിയിൽ നിന്ന് 33 കമ്പനികളുണ്ട്. രണ്ടാം സ്ഥാനത്തുള്ള യു.എ.ഇയിൽ നിന്ന് 28 ഉം മൂന്നാം സ്ഥാനത്തുള്ള ഖത്തറിൽ നിന്ന് 16 ഉം നാലാം സ്ഥാനത്തുള്ള കുവൈത്തിൽ നിന്ന് ഒമ്പതും അഞ്ചാം സ്ഥാനത്തുള്ള മൊറോക്കോയിൽ നിന്ന് നാലും ജോർദാനിൽ നിന്ന് മൂന്നും ബഹ്‌റൈനിൽ നിന്ന് മൂന്നും ഒമാനിൽ നിന്ന് രണ്ടും ഈജിപ്തിൽ നിന്ന് രണ്ടും കമ്പനികൾ പട്ടികയിൽ ഇടം നേടി.
പട്ടികയിൽ ഒന്നാം സ്ഥാനത്ത് സൗദി അറാംകോ കമ്പനിയാണ്. രണ്ടാം സ്ഥാനത്ത് സൗദിയിലെ സാബിക്കും മൂന്നാം സ്ഥാനത്ത് ഖത്തറിലെ ഖത്തർ നാഷണൽ ബാങ്ക് ഗ്രൂപ്പും നാലാം സ്ഥാനത്ത് സൗദിയിലെ സൗദി നാഷണൽ ബാങ്കും അഞ്ചാം സ്ഥാനത്ത് യു.എ.ഇയിലെ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനിയും ആറാം സ്ഥാനത്ത് സൗദിയിലെ അൽറാജ്ഹി ബാങ്കും ഏഴാം സ്ഥാനത്ത് സൗദി ഇലക്ട്രിസിറ്റി കമ്പനിയും എട്ടാം സ്ഥാനത്ത് യു.എ.ഇയിലെ ഫസ്റ്റ് അബുദാബി ബാങ്കും ഒമ്പതാം സ്ഥാനത്ത് യു.എ.ഇയിലെ എമിറേറ്റ്‌സ് എൻ.ബി.ഡി ബാങ്കും പത്താം സ്ഥാനത്ത് അബുദാബി നാഷണൽ എനർജി കമ്പനി (താഖ) യുമാണ്. മധ്യപൗരസ്ത്യ ദേശത്ത് ഏറ്റവും ശക്തമായ പത്തു കമ്പനികളിൽ പകുതിയും സൗദിയിലാണ്.
മേഖലയിലെ ഏറ്റവും ശക്തമായ 100 കമ്പനികളിൽ 91 എണ്ണം ഗൾഫ് രാജ്യങ്ങളിലാണ്. അമേരിക്കയിലെ സിലിക്കൺവാലി ബാങ്ക് തകർച്ചയുടെ പ്രത്യാഘാതങ്ങൾക്കിടെയും ഏറ്റവും ശക്തമായ കമ്പനികളുടെ പട്ടികയിൽ ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസ് മേഖല സ്ഥാപനങ്ങൾ ആധിപത്യം തുടർന്നു. പട്ടികയിൽ 42 ബാങ്കുകൾ ഇടംപിടിച്ചിട്ടുണ്ട്. ഈ ബാങ്കുകൾക്ക് ആകെ മൂന്നു ട്രില്യൺ ഡോളറിന്റെ ആസ്തികളുണ്ട്. കഴിഞ്ഞ കൊല്ലം ഈ ബാങ്കുകൾ ആകെ 4540 കോടി ഡോളർ ലാഭം നേടി.
വിൽപന, മൊത്തം ആസ്തി, അറ്റാദായം, 2023 ഏപ്രിൽ 30 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി കണക്കാക്കിയ വിപണി മൂല്യം, കറൻസി വിനിമയ നിരക്ക്, കമ്പനികളുടെ കഴിഞ്ഞ വർഷത്തെ ബാലൻസ് ഷീറ്റ് എന്നിവ അനുസരിച്ചാണ് ഏറ്റവും ശക്തമായ കമ്പനികളെ ഫോബ്‌സ് മിഡിൽ ഈസ്റ്റ് തരംതിരിച്ചത്. കഴിഞ്ഞ വർഷത്തെ ഫോബ്‌സ് പട്ടികയിലും സൗദി അറാംകോ, സാബിക്, ഖത്തർ നാഷണൽ ബാങ്ക് ഗ്രൂപ്പ്, സൗദി നാഷണൽ ബാങ്ക് എന്നിവയായിരുന്ന യഥാക്രമം ഒന്നു മുതൽ നാലു വരെ സ്ഥാനങ്ങളിൽ.
യു.എ.ഇയിലെ ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനി പട്ടികയിൽ ഏഴു സ്ഥാനങ്ങൾ മറികടന്ന് ഈ വർഷം അഞ്ചാം സ്ഥാനത്തായി. പട്ടികയിലെ 70 ശതമാനത്തിലേറെ കമ്പനികളും സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നീ മൂന്നു രാജ്യങ്ങളിൽ നിന്നുള്ളവയാണ്. പട്ടികയിൽ ഏറ്റവുമധികം ലാഭം നേടിയ മേഖല സ്ഥാപനങ്ങൾ ഊർജ കമ്പനികളാണ്. സൗദി അറാംകോയുടെ നേതൃത്വത്തിലുള്ള ഊർജ കമ്പനികൾ കഴിഞ്ഞ വർഷം ആകെ 16,240 കോടി ഡോളർ ലാഭം നേടി.
ലോക സംഘർഷങ്ങൾ മധ്യപൗരസ്ത്യ ദേശത്തെയും ബാധിച്ചു. ഇത് ഓഹരി വിപണികൾക്ക് തിരിച്ചടിയായി. മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും ശക്തമായ 100 കമ്പനികളുടെ വിപണി മൂല്യം അഞ്ചു ശതമാനം തോതിൽ കുറഞ്ഞ് 3.8 ട്രില്യൺ ഡോളറായി.
കഴിഞ്ഞ കൊല്ലം ഈ കമ്പനികളുടെ വിപണി മൂല്യം നാലു ട്രില്യൺ ഡോളറായിരുന്നു. എങ്കിലും കമ്പനികളുടെ വിൽപന 38.5 ശതമാനം തോതിൽ വർധിച്ച് 1.1 ട്രില്യൺ ഡോളറായി. ലാഭം 37.7 ശതമാനം തോതിലും വർധിച്ചു. 100 കമ്പനികളും കൂടി കഴിഞ്ഞ വർഷം ആകെ 27,770 കോടി ഡോളർ ലാഭം നേടി.
കമ്പനികളുടെ ആകെ ആസ്തി 9.5 ശതമാനം തോതിൽ വർധിച്ച് 4.6 ട്രില്യൺ ഡോളറായി. 7