ജിദ്ദ:ചരിത്രത്തിലെ ഏറ്റവും വലിയ ഹറം വികസനം സമീപ കാലത്ത് നടപ്പാക്കിയത് 20,000 കോടിയിലേറെ റിയാൽ ചെലവഴിച്ചാണെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ജിദ്ദയിൽ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷൻ ആസ്ഥാനം സന്ദർശിച്ച് ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹയുമായും ഒ.ഐ.സി അംഗരാജ്യങ്ങളുടെ പ്രതിനിധികളുമായും കോൺസൽമാരുമായും കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു ഹജ്, ഉംറ മന്ത്രി. ഈ വർഷത്തെ ഹജിന് സൗദി അറേബ്യ പൂർത്തിയാക്കിയ ഒരുക്കങ്ങളും പ്രയാസരഹിതമായും സമാധാനത്തോടെയും ഹജ് കർമം നിർവഹിക്കാൻ തീർഥാടകർക്ക് ഏറ്റവും മികച്ച സാഹചര്യങ്ങൾ ഒരുക്കാൻ ആരംഭിച്ച പദ്ധതികളും ഡോ. തൗഫീഖ് അൽറബീഅ വിശദീകരിച്ചു. സേവന ഗുണനിലവാരത്തിന് ഊന്നൽ നൽകിയുള്ള മത്സരം ഹജ്, ഉംറ നിരക്കുകൾ കുറയാൻ സഹായിച്ചതായി മന്ത്രി പറഞ്ഞു.
വിഷൻ 2030 പദ്ധതിയുടെ പ്രധാന ഭാഗമായ പിൽഗ്രിംസ് സർവീസ് പ്രോഗ്രാം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയാണ് ഹറമിൽ സമീപ കാലത്ത് നടപ്പാക്കിയത്. ഇതിന് 20,000 കോടിയിലേറെ റിയാൽ സർക്കാർ ചെലവഴിച്ചു. മക്കക്കും മദീനക്കും ജിദ്ദക്കുമിടയിൽ തീർഥാടകരുടെ യാത്രാനുഭവം മെച്ചപ്പെടുത്താൻ നടപ്പാക്കിയ ഹറമൈൻ ട്രെയിൻ പദ്ധതിക്ക് 6000 കോടി റിയാൽ ചെലവഴിച്ചു. 6400 കോടി റിയാൽ ചെലവഴിച്ച് ജിദ്ദ എയർപോർട്ട് വികസിപ്പിച്ചു. വ്യത്യസ്ത വിഭാഗങ്ങളിൽപെട്ട തീർഥാടകർക്ക് സമ്പന്നമായ വിശ്വാസാനുഭവം സമ്മാനിക്കാൻ ചരിത്ര മസ്ജിദുകളും ഇസ്‌ലാമിക പൈതൃക കേന്ദ്രങ്ങളും വികസിപ്പിച്ചു.
ലോകത്തെങ്ങും നിന്നുള്ള കൂടുതൽ മുസ്‌ലിംകൾക്ക് ഹജ്, ഉംറ കർമങ്ങൾ നിർവഹിക്കാൻ അവസരമൊരുക്കി ഒരു കൂട്ടം പദ്ധതികളും നിയമ നിർമാണങ്ങളും നടപ്പാക്കിയിട്ടുണ്ട്.
ഹജ് സർവീസ് കമ്പനികൾ തമ്മിൽ മത്സരത്തിന് സർക്കാർ അവസരമൊരുക്കി. ഇത് ഹജ് നിരക്കുകൾ കുറയാനും സേവന നിലവാരം മെച്ചപ്പെടാനും സഹായിച്ചു. മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കി ഉംറ തീർഥാടകർക്കുള്ള ഇൻഷുറൻസ് നിരക്ക് 63 ശതമാനവും ഹാജിമാർക്കുള്ള ഇൻഷുറൻസ് നിരക്ക് 73 ശതമാനവും തോതിൽ സർക്കാർ കുറച്ചു.
വിദേശ ഹജ് തീർഥാടകർ സൗദി വിമാനത്താവളങ്ങളിൽ കാത്തുനിൽക്കേണ്ടിവരുന്ന സമയം 15 മിനിറ്റ് ആയി കുറക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച മക്ക റൂട്ട് പദ്ധതി പ്രയോജനം ഈ വർഷം പാക്കിസ്ഥാൻ, മലേഷ്യ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, തുർക്കി, മൊറോക്കൊ, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് ലഭിക്കുന്നതായും ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു.