ജിദ്ദ:ഗൾഫ് റെയിൽ പദ്ധതി അന്തിമ ഘട്ടത്തിലെത്തിയതായി ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രാലയ അണ്ടർ സെക്രട്ടറി ലുഅയ് മിശ്അബി പറഞ്ഞു. ഗൾഫ് റെയിൽ പദ്ധതിയിൽ ഇറാഖിനെയും ഉൾപ്പെടുത്തും. ജിദ്ദയിൽ ചെങ്കടൽ തീരത്തെ റിയാദുമായും കിഴക്കൻ സൗദിയുമായും ഉത്തര സൗദിയുമായും ബന്ധിപ്പിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട ജോലികൾ തുടരുകയാണ്. സൗദിയിൽ വൈദ്യുതി വാഹനങ്ങളും സെൽഫ് ഡ്രൈവിംഗ് വാഹനങ്ങളും നിർമിക്കാൻ ചൈനീസ് കമ്പനികളുമായി സഹകരിച്ചുവരികയാണ്. ജിദ്ദ, റിയാദ്, ദമാം എയർപോർട്ടുകളിൽ ലോജിസ്റ്റിക് സോണുകളുണ്ട്. ഏതാനും തുറമുഖങ്ങളിലും ലോജിസ്റ്റിക് സോണുകൾ സ്ഥാപിക്കും. സൗദിയിലെ അഞ്ചു തുറമുഖങ്ങളെ രാജ്യത്തെ വിമാനത്താവളങ്ങളുമായി ബന്ധിപ്പിക്കാൻ ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രാലയം ലക്ഷ്യമിടുന്നു.
മൂന്നു ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന തന്ത്രപരമായ സ്ഥാനമാണ് സൗദി അറേബ്യയുടെത്. സവിശേഷമായ പശ്ചാത്തല സൗകര്യങ്ങളും രാജ്യത്തുണ്ട്. സൗദി വിപണിയിൽ നിക്ഷേപങ്ങൾ നടത്താൻ കമ്പനികളെയും നിക്ഷേപകരെയും പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രകൃതി വിഭവങ്ങളും സവിശേഷതകളും രാജ്യത്തുണ്ട്. നിക്ഷേപ സഹകരണത്തിൽ എല്ലാ രാജ്യങ്ങളോടും സൗദി അറേബ്യക്ക് തുറന്ന മനസ്സാണുള്ളത്.
സൗദിയിൽ ലോജിസ്റ്റിക് മേഖലയിൽ ആകർഷകമായ നിക്ഷേപ സാഹചര്യമാണുള്ളത്. മറ്റു നിരവധി പ്രധാന മേഖലകൾക്ക് ലോജിസ്റ്റിക് മേഖല കരുത്തുപകരുന്നു. ലോജിസ്റ്റിക് സർവീസ് മേഖലയിൽ ചൈനയുമായി പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. സൗദി, ചൈനീസ് ഗവൺമെന്റുകൾ തമ്മിലെ സഹകരണം പ്രാദേശിക വിപണിയിൽ പ്രവേശിക്കാൻ നിക്ഷേപകർക്ക് അവസരമൊരുക്കുമെന്നും ലുഅയ് മിശ്അബി പറഞ്ഞു.