റിയാദ് – വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്നോടിയായി സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയറിന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഇക്കണോമിക് ലൈസന്‍സ് അനുവദിച്ചു. റിയാദ് എയര്‍ വിമാനത്തിന്റെ വിഷ്വല്‍ ഐഡന്റിറ്റിയും ബാഹ്യരൂപകല്‍പനയും ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ വെച്ചാണ് കമ്പനിക്ക് ലൈസന്‍സ് അനുവദിച്ചത്. ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിറും സൗദിയില്‍ വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പ്രതിനിധികളും ചടങ്ങിന് സാക്ഷ്യംവഹിച്ചു.
120 ലേറെ വിമാനങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കുമെന്ന് മാര്‍ച്ചില്‍ റിയാദ് എയര്‍ അറിയിച്ചിരുന്നു. പ്രതിവര്‍ഷം 12 കോടി യാത്രക്കാരെ സ്വീകരിക്കാനുള്ള ശേഷിയില്‍ റിയാദില്‍ നിര്‍മിക്കുന്ന കിംഗ് സല്‍മാന്‍ എയര്‍പോര്‍ട്ടിന്റെ മാസ്റ്റര്‍ പ്ലാനും ബന്ധപ്പെട്ടവര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. പ്രതിവര്‍ഷ വിമാന യാത്രക്കാരുടെ എണ്ണം 33 കോടിയായും എയര്‍ കാര്‍ഗോ 45 ലക്ഷം ടണ്‍ ആയും സൗദിയില്‍ നിന്ന് സര്‍വീസുള്ള വിദേശ നഗരങ്ങളുടെ എണ്ണം 250 ആയും 2030 ഓടെ ഉയര്‍ത്താന്‍ ദേശീയ വ്യോമയാന തന്ത്രം ലക്ഷ്യമിടുന്നു.