അബുദാബി: യുഎഇയിൽ താമസിക്കുന്ന മുസ്‌ലിംകൾക്ക് ഒരേ സമയം 2 ഭാര്യമാരെയും മക്കളെയും സ്പോൺസർ ചെയ്യാൻ അനുമതി. യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) യാണ് ഇത്തരമൊരു നീക്കത്തിനു അവസരം നൽകിയത്.
യുഎഇയുടെ ഡിജിറ്റൽ ഗവൺമെന്റ് അനുസരിച്ച്, ആവശ്യകതകൾ നിറവേറ്റുന്ന മുസ്‌ലിം പ്രവാസികൾക്ക് രണ്ട് ഭാര്യമാർക്കും അവരുടെ കുട്ടികൾക്കും റെസിഡൻസ് വിസ ലഭിക്കും. ഇതിനായി അറബിക് ഭാഷയിലേക്കു മൊഴിമാറ്റി അറ്റസ്റ്റ് ചെയ്ത വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിവാഹിതരല്ലാത്ത പെൺകുട്ടികളെയും 25 വയസ്സിനു താഴെയുള്ള ആൺ മക്കളെയും സ്പോൺസർ ചെയ്യാനാകും.
25 വയസ്സു കഴിഞ്ഞ മകൻ വിദ്യാർഥിയാണെങ്കിൽ പിതാവിന് സ്പോൺസർ ചെയ്യാം. ഇത്തരക്കാർക്ക് ഒരു വർഷത്തേക്കുള്ള വീസയാണ് ലഭിക്കുക. പുതുതായി ജനിക്കുന്ന മക്കൾക്ക് 4 മാസത്തിനകം (120 ദിവസം) റെസിഡൻസ് പെർമിറ്റ് എടുക്കണം. ഇതേസമയം ഭാര്യയുടെ മുൻ വിവാഹത്തിലെ മക്കളെയും സ്പോൺസർ ചെയ്യാം അനുമതിയുണ്ട്. ഇതിനു കുട്ടിയുടെ യഥാർഥ പിതാവിന്റെ അനുമതിക്കൊപ്പം സുരക്ഷാ തുകയും കെട്ടിവയ്ക്കണം. ഈ കുട്ടികൾക്ക് ഒരു വർഷത്തേക്കാണ് വീസ ലഭിക്കുക. മാനദണ്ഡം പാലിച്ചാൽ ഓരോ വർഷത്തേക്കും പുതുക്കി നൽകും.
ഭാര്യയുടെയും മക്കളുടെയും പാസ്പോർട്ട് കോപ്പി, ഫോട്ടോ, മെഡിക്കൽ സർട്ടിഫിക്കറ്റ് (18 വയസ്സിനു മുകളിലുള്ളവർക്കു മാത്രം), സ്പോൺസർ ചെയ്യുന്നയാളുടെ പാസ്പോർട്ട് കോപ്പി (വീസ പതിച്ചത്), സ്വന്തം ബിസിനസ് ആണെങ്കിൽ കമ്പനി കരാർ, അല്ലെങ്കിൽ ശമ്പള സർട്ടിഫിക്കറ്റ്, വാടക കരാർ. സ്പോൺസറുടെ റെസിഡൻസ് പെർമിറ്റിലാണ് ഭാര്യയുടെയും മക്കളുടെയും താമസാനുമതി രേഖ ബന്ധിപ്പിക്കുക എന്നിവയാണ് ആവശ്യമായ രേഖകൾ. സ്പോൺസറുടെ വിസ റദ്ദായാൽ കുടുംബാംഗങ്ങളുടെ വീസകളും റദ്ദാകും. കുടുംബാംഗങ്ങൾക്ക് മറ്റൊരു വിസയിലേക്ക് മാറാനോ രാജ്യം വിടാനോ 6 മാസത്തെ സാവകാശം ലഭിക്കും. കുടുംബാംഗങ്ങളുടെ വീസാ കാലാവധി കഴിഞ്ഞിട്ടും പുതുക്കിയില്ലെങ്കിൽ സ്പോൺസർക്കു പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.