റിയാദ്: സഊദിയിൽ ഗ്യാസ് സിലിണ്ടറുകളുടെ വില വർധിപ്പിച്ചു ക്രമീകരിച്ചു. നാഷണൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനി “ഗാസ്കോ” ആണ് ഇക്കാര്യം അറിയിച്ചത്. 2023 ജൂൺ 11 ഞായർ മുതൽ ലിക്വിഡ് പെട്രോളിയം ഗ്യാസിന്റെ (എൽ പി ജി) വിൽപ്പന വില ക്രമീകരിക്കുന്നത് സംബന്ധിച്ച് ഊർജ മന്ത്രാലയത്തിൽ നിന്ന് കത്ത് ലഭിച്ചതായി കമ്പനി വ്യക്തമാക്കി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പുതിയ ഗ്യാസ് സിലിണ്ടർ റീഫിൽ ചെയ്യുന്നതിനുള്ള വില, കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രഖ്യാപിച്ച വിലകൾ അനുസരിച്ച്, മൂല്യവർദ്ധിത നികുതി ഉൾപ്പെടെ 19.85 റിയാലായി ഉയർന്നു. വിതരണ സ്റ്റേഷനുകളിൽ നിന്ന് വിൽപ്പന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത ഫീസ് ഒഴികെയുള്ള വിലയാണിത്.
നേരത്തെ, ഗ്യാസ് സിലിണ്ടർ റീഫിൽ ചെയ്യുന്നതിന് മൂല്യവർധിത നികുതിയോടെ 18.85 റിയാലായിരുന്നു പഴയ വില. വിതരണ കേന്ദ്രങ്ങളിൽ നിന്ന് വിൽപന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത ഫീസ് കൂടാതെയുള്ള വിലയായിരുന്നു ഇത്.
നിലവിലെ ഭേദഗതികൾ വരും കാലയളവിൽ കമ്പനിയുടെ അറ്റവരുമാനത്തിൽ കാര്യമായ സാമ്പത്തിക സ്വാധീനം ചെലുത്തില്ലെന്ന് തദാവുലിലെ പ്രസ്താവനയിൽ കമ്പനി വ്യക്തമാക്കി.