മക്ക:ഹജ്, ഉംറ കർമങ്ങളുടെ ഭാഗമായ, മുടി മുറിക്കലും തല മുണ്ഡനം ചെയ്യുന്നതുമായും ബന്ധപ്പെട്ട മതശാസനകൾ ലോകത്തെ ഏറ്റവും വലിയ ബാർബർ ഷോപ്പ് വിപണിയായി മക്കയെ മാറ്റി. ഡസൻ കണക്കിന് ബാർബർ ഷോപ്പുകളാണ് വിശുദ്ധ ഹറമിനു സമീപത്ത് പ്രവർത്തിക്കുന്നത്. തീർഥാടകരുടെ ശ്രദ്ധയാകർഷിക്കുന്ന ഈയൊരു ദൃശ്യം മക്കയിലെല്ലാതെ ലോകത്ത് മറ്റൊരിടത്തും കാണാനാകില്ല.
വിശുദ്ധ റമദാനിൽ ഉംറ സീസൺ മൂർധന്യാവസ്ഥയിലെത്തുകയും ഉംറ തീർഥാടകരുടെ മടക്കയാത്ര പൂർത്തിയാകുന്നതിനു മുമ്പായി ലോക രാജ്യങ്ങളിൽ നിന്ന് ഹജ് തീർഥാടകരുടെ പ്രവാഹം ആരംഭിക്കുകയും ചെയ്തതോടെ ഈ ദിവസങ്ങളിൽ മക്കയിലെ ബാർബർ ഷോപ്പുകൾ യഥാർഥ ബിസിനസ് സീസണിനാണ് സാക്ഷ്യം വഹിക്കുന്നത്. വർധിച്ച ആവശ്യം നേരിടാൻ ബാർബർ ഷോപ്പുകൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്നുണ്ട്.
ഹജ് സീസണിൽ മാത്രം മക്കയിലെ ബാർബർ ഷോപ്പുകൾക്ക് അഞ്ചു കോടിയിലേറെ റിയാൽ വരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത്തവണ വിദേശങ്ങളിൽ നിന്ന് 20 ലക്ഷത്തിലേറെ ഹജ് തീർഥാടകർ എത്തുമെന്നാണ് പ്രതീക്ഷ.
ലക്ഷക്കണക്കിന് ഹാജിമാർ ഇതിനകം പുണ്യഭൂമിയിലെത്തിയിട്ടുണ്ട്. ബ്ലേഡ് ഉപയോഗിച്ച് ശിരസ്സ് മുണ്ഡനം ചെയ്യാനും കത്രിക ഉപയോഗിച്ച് മുടി വെട്ടാനും 23 റിയാലും മെഷീൻ ഉപയോഗിച്ച് മുടി വെട്ടാൻ 17 റിയാലുമാണ് ഹറമിനു സമീപത്തെ ബാർബർ ഷോപ്പുകൾ ഈടാക്കുന്നത്.
ഹജ് അടുത്തുവരുന്നതിനനുസരിച്ച് തീർഥാടകരുടെ ഒഴുക്ക് വർധിക്കുന്നതിന് അനുസൃതമായി ബാർബർ ഷോപ്പുകളിൽ തിരക്കും കൂടുകയാണെന്ന് ഹറമിനടുത്ത സലൂണിൽ ജോലി ചെയ്യുന്ന അഖ്തർ മുജീബ് പറയുന്നു.
കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഈ കൊല്ലം ബാർബർ ഷോപ്പുകളിൽ തിരക്ക് 35 ശതമാനം വർധിച്ചിട്ടുണ്ട്. കടുത്ത തിരക്ക് മുന്നിൽ കണ്ട് നിരവധി ബാർബർ ഷോപ്പുകൾ കൂടുതൽ ബാർബർമാരെ റിക്രൂട്ട് ചെയ്യുന്നു.
ബാർബർ ഷോപ്പുകൾക്ക് രണ്ടു ലക്ഷം മുതൽ മൂന്നു ലക്ഷം റിയാൽ വരെയാണ് വാർഷിക വാടക. ലോകത്തെ ഏറ്റവും ഉയർന്ന വാടകയാണിത്. ഇക്കാരണത്താൽ സാധ്യമായത്ര ചെയറുകൾ സ്ഥാപിച്ച് സ്ഥാപനങ്ങളുടെ വിസ്തൃതി പരമാവധി പ്രയോജനപ്പെടുത്താനാണ് ഉടമകൾ ശ്രമിക്കുന്നതെന്നും അഖ്തർ മുജീബ് പറയുന്നു.
ഹറമിനു സമീപത്തെ ബാർബർ ഷോപ്പുകളിലെ ബഹുഭൂരിഭാഗം ജീവനക്കാരും ഏഷ്യൻ വംശജരാണ്. അറബ് വംശജർ പത്തു ശതമാനം കവിയില്ല. ഹറമിന്റെ മുറ്റത്തോടു ചേർന്ന അബ്റാജ് അൽബെയ്ത് (ക്ലോക്ക് ടവർ) സമുച്ചയത്തിലും ഹറമിന്റെ കിഴക്കു ഭാഗത്തുമാണ് ഏറ്റവും കൂടുതൽ ബാർബർ ഷോപ്പുകൾ പ്രവർത്തിക്കുന്നത്. ഹാജിമാരുടെ താമസസ്ഥലങ്ങൾ നിറഞ്ഞ, ഹറമിലേക്കുള്ള ഏഴു പ്രധാന റോഡുകളിലും നിരവധി ബാർബർ ഷോപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. പല ബാർബർ ഷോപ്പുകളിലും ബാർബർമാർ നിശ്ചിത വേതനമില്ലാതെ, ചെയറുകൾ സ്വന്തം നിലക്ക് വാടകക്കെടുത്താണ് പ്രവർത്തിക്കുന്നത്.
മക്കയിൽ ബാർബർ ഷോപ്പ് വിപണിയുടെ ഉണർവ് ട്രിമ്മറുകളും ബ്ലേഡുകളും അണുനശീകരണികളും അടക്കമുള്ള അനുബന്ധ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും നല്ല ബിസിനസ് നൽകുന്നു. ഹജ്, ഉംറ തീർഥാടകരുടെ എണ്ണം വലിയ തോതിൽ വർധിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്ന പശ്ചാത്തലത്തിൽ വരും വർഷങ്ങളിൽ മക്കയിൽ ബാർബർ ഷോപ്പ് വിപണി കൂടുതൽ വികസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.