ജിസാൻ – വ്യാജ ടയറുകൾ വിൽപന നടത്തിയ കേസിൽ സ്ഥാപന ഉടമയായ സൗദി പൗരനും സ്ഥാപനത്തിലെ ജീവനക്കാരായ രണ്ടു യെമനികൾക്കും ജിസാൻ ക്രിമിനൽ കോടതി പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ജിസാൻ പ്രവിശ്യയിൽ പെട്ട സ്വബ്യയിൽ ടയർ, എൻജിൻ ഓയിൽ വിൽപന മേഖലയിൽ പ്രവർത്തിക്കുന്ന ഖമീസ് അൽമുതൈരി എസ്റ്റാബ്ലിഷ്മെന്റ് ഉടമ ഖമീസ് മുഹമ്മദ് അൽമുതൈരി അൽമിൻഹാലി, സ്ഥാപനത്തിലെ ജീവനക്കാരായ അബ്ദുൽവഹാബ് അബ്ദുറബ്ബ് മുഹമ്മദ് ഫാദിൽ, ഫദ്ൽ സ്വാലിഹ് മുഹമ്മദ് അഹ്മദ് എന്നിവർക്കാണ് ശിക്ഷ.
സ്ഥാപനം ഒരു മാസത്തേക്ക് അടപ്പിക്കാനും സ്ഥാപനത്തിൽ കണ്ടെത്തിയ വ്യാജ ടയറുകൾ പിടിച്ചെടുത്ത് നശിപ്പിക്കാനും വിധിയുണ്ട്. സ്ഥാപനത്തിന്റെയും സൗദി പൗരന്റെയും യെമനികളുടെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു. സ്വബ്യയിൽ പ്രവർത്തിക്കുന്ന ടയർ കടയിൽ വാണിജ്യ മന്ത്രാലയ സംഘം നടത്തിയ പരിശോധനയിൽ കാലാവധി തീർന്നതും ഉപയോഗിച്ചതുമായ 57 ടയറുകൾ വിൽപനക്ക് പ്രദർശിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു.