ജിദ്ദ:ചരിത്രത്തില്‍ ആദ്യമായി തുടര്‍ച്ചയായി നാലു പാദങ്ങളില്‍ സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോല്‍പാദനം ഒരു ട്രില്യണ്‍ റിയാല്‍ കവിഞ്ഞതായി ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ മൊത്തം ആഭ്യന്തരോല്‍പാദനം 1.005 ട്രില്യണ്‍ റിയാലായിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 1.09 ഉം മൂന്നാം പാദത്തില്‍ 1.07 ഉം നാലാം പാദത്തില്‍ 1.02 ഉം ട്രില്യണ്‍ റിയാലായിരുന്നു മൊത്തം ആഭ്യന്തരോല്‍പാദനം.
ആദ്യ പാദത്തില്‍ സൗദി അറേബ്യ 3.8 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. ആദ്യ പാദത്തില്‍ 3.9 ശതമാനം വളര്‍ച്ച നേടാന്‍ സാധിക്കുമെന്നാണ് നേരത്തെ കണക്കാക്കിയിരുന്നത്. കൊറോണ മഹാമാരി വ്യാപനം കാരണം തുടര്‍ച്ചയായി ഏഴു പാദങ്ങളില്‍ സാമ്പത്തിക ശോഷണം നേരിട്ട ശേഷം 2021 ആദ്യ പാദം മുതല്‍ തുടര്‍ച്ചയായി എട്ടാം പാദത്തിലാണ് സൗദി അറേബ്യ സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നത്. ഇക്കഴിഞ്ഞ പാദത്തിലെ സാമ്പത്തിക വളര്‍ച്ച 2021 ആദ്യ പാദം മുതല്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണ്. 2021 ആദ്യ പാദത്തില്‍ 3.1 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചിരുന്നു.
ആദ്യ പാദത്തില്‍ എണ്ണ മേഖല 1.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2021 രണ്ടാം പാദത്തിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണിത്. 2021 രണ്ടാം പാദത്തില്‍ എണ്ണ മേഖല 7 ശതമാനം ശോഷണം നേരിട്ടിരുന്നു. പെട്രോളിതര മേഖല 5.4 ശതമാനം വളര്‍ച്ച കൈവരിച്ചു. തുടര്‍ച്ചയായി ഒമ്പതാം പാദത്തിലാണ് പെട്രോളിതര മേഖല വളര്‍ച്ച രേഖപ്പെടുത്തുന്നത്. 2020 നാലാം പാദത്തില്‍ എണ്ണയിതര മേഖല ഒരു ശതമാനം ശോഷണം നേരിട്ടിരുന്നു.
സ്വകാര്യ മേഖലക്കുള്ള സര്‍ക്കാര്‍ ഉത്തേജക പദ്ധതികള്‍ പെട്രോളിതര മേഖലയുടെ മികച്ച പ്രകടനത്തിന് സഹായിച്ചു. 2030 ഓടെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ സ്വകാര്യ മേഖലയുടെ സംഭാവന 65 ശതമാനമായി ഉയര്‍ത്താന്‍ വിഷന്‍ 2030 പദ്ധതി ലക്ഷ്യമിടുന്നു. 2019 ല്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ സ്വകാര്യ മേഖലയുടെ പങ്ക് 40.7 ശതമാനമായിരുന്നു.
പെട്രോളിതര മേഖല ഈ വര്‍ഷം വളര്‍ച്ച തുടരുമെന്നും ശരാശരി അഞ്ചു ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നും ഐ.എം.എഫ് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം 3.1 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര നാണയനിധിയും ഇതേ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.