മക്ക:ഈ വർഷത്തെ ഹജിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി പുണ്യസ്ഥലങ്ങളിൽ ജലവിതരണ സംവിധാനത്തിന്റെ കാര്യക്ഷമതയും ഗുണനിലവാരവും ഉയർത്താൻ ഇത്തവണ പത്തു പുതിയ ജലപദ്ധതികൾ നടപ്പാക്കിയതായി ദേശീയ ജല കമ്പനി അറിയിച്ചു. ജല, പരിസ്ഥിതി സേവനവുമായി ബന്ധപ്പെട്ട് ഹജിനുള്ള മുഴുവൻ ഒരുക്കങ്ങളും കമ്പനി പൂർത്തിയാക്കിയിട്ടുണ്ട്. ആകെ 25.3 കോടിയിലേറെ റിയാൽ ചെലവഴിച്ചാണ് പുതിയ പദ്ധതികൾ നടപ്പാക്കിയതെന്ന് ദേശീയ ജല കമ്പനി സി.ഇ.ഒ എൻജിനീയർ നിമർ ബിൻ മുഹമ്മദ് അൽശുബ്ൽ പറഞ്ഞു.
പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കാനും ജലവിതരണം മെച്ചപ്പെടുത്താനും ജലവിതരണ ശൃംഖലകളുടെ ശേഷി ഉയർത്താനും മലിനജല പൈപ്പ്ലൈനുകളുടെ ശേഷി ഉയർത്താനും പദ്ധതികൾ നടപ്പാക്കി. അറഫയിൽ ജലവിതരണം മെച്ചപ്പെടുത്തൽ, ജലസംഭരണികളും പമ്പുകളും നവീകരിക്കൽ, മിനായിലെ തമ്പുകളിൽ മരുഭൂ എയർ കണ്ടീഷനറുകൾ അടങ്ങിയ ശീതീകരണ സംവിധാനത്തിലേക്കുള്ള ജലവിതരണത്തിന്റെ കാര്യക്ഷമത ഉയർത്തൽ, ജലഗുണനിലവാരം തൽക്ഷണം നിരീക്ഷിക്കുന്ന സംവിധാനം, ജലസംഭരണികളിലേക്കുള്ള ജലവിതരണം മെച്ചപ്പെടുത്തൽ, മിനായിൽ ജല പൈപ്പ്ലൈൻ ശൃംഖലകളുടെ കാര്യക്ഷമത ഉയർത്തൽ എന്നീ പദ്ധതികൾ പുതുതായി നടപ്പാക്കി.
പ്രത്യേക കൺട്രോൾ റൂം വഴിയാണ് മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കുമുള്ള ജലവിതരണം നിയന്ത്രിക്കുന്നത്. പൈപ്പ്ലൈനുകളിലെയും ടാങ്കുകളിലെയും ജലത്തിന്റെ സമ്മർദം പ്രത്യേക സംവിധാനം വഴി നിരന്തരം നിരീക്ഷിക്കുന്നു. മക്കയിലും പുണ്യസ്ഥലങ്ങളിലും ജലവിതരണത്തിന് 2000 ലേറെ ജീവനക്കാർ മേൽനോട്ടം വഹിക്കുന്നു.
വിശുദ്ധ ഹറമിലേക്കും ഹറമിനു സമീപ പ്രദേശങ്ങളിലേക്കും പുണ്യസ്ഥലങ്ങളിലേക്കും നിലവിൽ പ്രതിദിനം ശരാശരി ഏഴു ലക്ഷം ഘനമീറ്റർ ജലം വീതം പമ്പ് ചെയ്യുന്നു. മക്കയിൽ മുഴുവൻ ഡിസ്ട്രിക്ടുകളിലും ദിവസേന 22 മണിക്കൂർ നേരം പൈപ്പ്ലൈനുകൾ വഴി ജലം പമ്പ് ചെയ്യുന്നുണ്ട്. ഇതിനു പുറമെ പൈപ്പ്ലൈൻ ജലവിതരണ സംവിധാനമില്ലാത്ത ഡിസ്ട്രിക്ടുകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ദേശീയ ജല കമ്പനിക്കു കീഴിൽ മക്കയിലുള്ള ടാങ്കർ ജലവിതരണ കേന്ദ്രങ്ങൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നതായും എൻജിനീയർ നിമർ ബിൻ മുഹമ്മദ് അൽശുബ്ൽ പറഞ്ഞു.