ജിദ്ദ:ബിസിനസ് വിസിറ്റ് വിസ ഓൺലൈൻ വഴി അനുവദിക്കുന്ന സേവനം നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ച് വിദേശ മന്ത്രാലയം ആരംഭിച്ചു. സൗദിയിൽ നിക്ഷേപാവസരങ്ങൾ തേടി എത്തുന്ന നിക്ഷേപകരുടെ യാത്ര എളുപ്പമാക്കാനാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. ബിസിനസ് വിസിറ്റ് വിസ ഓൺലൈൻ ആയി ലഭിക്കാൻ വിദേശ മന്ത്രാലയത്തിന്റെ ഏകീകൃത വിസാ പ്ലാറ്റ്ഫോം വഴി അപേക്ഷ സമർപ്പിക്കുകയാണ് വേണ്ടത്.
എളുപ്പമാർന്ന നടപടികളിലൂടെ അപേക്ഷ സമർപ്പിക്കാൻ സാധിക്കും. അപേക്ഷകളിൽ നടപടികൾ പൂർത്തിയാക്കി തൽക്ഷണം വിസകൾ അനുവദിച്ച് നിക്ഷേപകന് ഇ-മെയിൽ വഴി അയച്ചുകൊടുക്കുകയാണ് ചെയ്യുക. ആദ്യ ഘട്ടത്തിൽ ഏതാനും രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർക്കാണ് പുതിയ സേവനത്തിന്റെ പ്രയോജനം ലഭിക്കുക. രണ്ടാം ഘട്ടത്തിൽ മറ്റു രാജ്യങ്ങളിലെ നിക്ഷേപകർക്കും ഇ-വിസ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും. ആകർഷണീയതയും മത്സരക്ഷമതയുമുള്ള മുൻനിര നിക്ഷേപ ശക്തിയായി സൗദി അറേബ്യയെ പരിവർത്തിപ്പിക്കാനുള്ള വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കാൻ പുതിയ സേവനം സഹായിക്കുമെന്നും വിദേശ മന്ത്രാലയം പറഞ്ഞു.