ജിദ്ദ:ഈ വർഷം വിദേശങ്ങളിൽ നിന്ന് 2.8 കോടിയിലേറെ സന്ദർശകർ സൗദിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി മഹ്മൂദ് അബ്ദുൽഹാദി. കഴിഞ്ഞ വർഷം 7.7 കോടി ആഭ്യന്തര ടൂറിസ്റ്റുകൾ രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. 2022 ൽ വിദേശങ്ങളിൽ നിന്ന് 1.65 കോടി ടൂറിസ്റ്റുകളും രാജ്യത്തെത്തി. ആഭ്യന്തര ടൂറിസ്റ്റുകൾ 9400 കോടി റിയാലും വിദേശ ടൂറിസ്റ്റുകൾ 9100 കോടി റിയാലും ചെലവഴിച്ചു. കൊറോണ മഹാമാരി വ്യാപനത്തിനു മുമ്പ് 2019 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 44 ശതമാനവും വിനോദ സഞ്ചാരികളുടെ ധനവിനിയോഗത്തിൽ 17 ശതമാനവും തോതിൽ വളർച്ച രേഖപ്പെടുത്തി.
ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാലു മാസക്കാലത്ത് പത്തു ലക്ഷം ഇ-വിസകൾ അനുവദിച്ചു. 2019 മുതൽ കഴിഞ്ഞ വർഷാവസാനം വരെ ആകെ 30 ലക്ഷം ഇ-വിസകളാണ് അനുവദിച്ചത്. ഇതിന്റെ മൂന്നിലൊന്നും അനുവദിച്ചത് കഴിഞ്ഞ കൊല്ലമായിരുന്നു. വിനോദ ലക്ഷ്യത്തോടെയുള്ള സന്ദർശനങ്ങൾ 2019 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 119 ശതമാനം വർധിച്ചു. ആകെ സന്ദർശനങ്ങളിൽ വിനോദ ലക്ഷ്യത്തോടെയുള്ള സന്ദർശനങ്ങൾ 45 ശതമാനമായിരുന്നു. ടൂറിസ്റ്റുകൾ നടത്തിയ ആകെ ധനവിനിയോഗത്തിന്റെ 54 ശതമാനവും വിനോദ ലക്ഷ്യത്തോടെയുള്ള യാത്രകൾക്കിടെയായിരുന്നു.
വിനോദ സഞ്ചാര മേഖലയിൽ കഴിഞ്ഞ കൊല്ലം 3000 കോടിയിലേറെ റിയാലിന്റെ നിക്ഷേപം നടത്തി. ഈ പദ്ധതികൾ 2028 ഓടെ യാഥാർഥ്യമാകും. രാജ്യത്ത് ടൂറിസം വ്യവസായ മേഖലക്ക് മികച്ച ഭാവിയാണുള്ളത്. ഈ മേഖലയിൽ 8,80,000 ലേറെ പേർ ജോലി ചെയ്യുന്നു. സർക്കാർ വലിയ തോതിൽ പിന്തുണ നൽകുന്ന ഏതൊരു സാമ്പത്തിക മേഖലയുടെയും പ്രധാന ലക്ഷ്യം തൊഴിൽ, നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണെന്നും മഹ്മൂദ് അബ്ദുൽഹാദി പറഞ്ഞു.