മസ്‌കറ്റ്: പ്രവാസി തൊഴിലാളികള്‍ക്ക് അംഗീകൃത തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനവുമായി ഒമാൻ.
2023 ജൂലൈ ഒന്നു മുതല്‍ ഒമാനി ഇതര വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണെന്ന് തൊഴില്‍ മന്ത്രാലയം തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ തൊഴില്‍ അന്തരീക്ഷം മികച്ചതാക്കുകയും തൊഴില്‍ മേഖലയെ മല്‍സരക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം.
2023 ജൂലൈ 1 മുതല്‍ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ഒമാനി ഇതര തൊഴിലാളികള്‍ക്ക് തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന് മന്ത്രാലയം ബന്ധപ്പെട്ട എല്ലാ കക്ഷികളെയും അറിയിക്കുന്നതായി തൊഴില്‍ മന്ത്രാലയം ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന ഒമാനികളല്ലാത്ത എല്ലാ ജോലിക്കാര്‍ക്കും തൊഴില്‍ കരാര്‍ ഉണ്ടായിരിക്കണം.
നിര്‍ദ്ദിഷ്ട തീയതിക്ക് ഏതാമനും ആഴ്ചകള്‍ മാത്രമേ ബാക്കിയുള്ളൂ എന്നതിനാല്‍ ഒമാനി ഇതര തൊഴിലാളികള്‍ക്കായി ഇലക്ട്രോണിക് ഓതന്റിക്കേഷനോടു കൂടിയ വ്യക്തിഗത തിരിച്ചറിയല്‍ കാര്‍ഡുകള്‍ തൊഴില്‍ദാതാക്കള്‍ ഉടനടി സജ്ജമാക്കേണ്ടതും അവരുടെ തൊഴില്‍ കരാറുകളുടെ ഇലക്ട്രോണിക് രജിസ്‌ട്രേഷനുമായി മുന്നോട്ട് പോകേണ്ടതും അത്യന്താപേക്ഷിതമാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി. മന്ത്രാലയവുമായുള്ള തടസ്സമില്ലാത്ത സേവനങ്ങളും ഇലക്ട്രോണിക് ഇടപാടുകളും ഉറപ്പാക്കാന്‍ ഈ നടപടി അത്യന്താപേക്ഷിതമാണെന്നും പ്രസ്താവനയില്‍ പറയുന്നു. തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയ പരിധി പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയുണ്ടാവും. സര്‍ക്കാരിന്റെ സേവനങ്ങള്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് ലഭിക്കുക പ്രയാസമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.