Saudi: ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് നിയമപ്രകാരം വിവാഹശേഷം മകളുടെ ഇഖാമ പിതാവ് അവളുടെ ഭർത്താവിന്റെ സ്‌പോൺസർഷിപ്പിലേക്ക് മാറ്റിയിരിക്കണം എന്നതാണ് നിബന്ധന. ഇതിനാവശ്യമായ അപേക്ഷാ ഫോറം ജവാസാത്ത് ഓഫീസിൽനിന്നോ ജവാസാത്തിന്റെ വെബ്‌സൈറ്റിൽനിന്നോ ലഭിക്കും. വെബ*്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് എടുത്താൽ മതിയാകും.
അപേക്ഷ പൂരിപ്പിച്ച ശേഷം ഭാര്യയുടെ ഇഖാമ പിതാവിന്റെ പേരിൽനിന്ന് മാറ്റിത്തരണമെന്ന് അഭ്യർഥിച്ച് ഭർത്താവ് ജവാസാത്ത് ഡയറക്ടർക്ക് ഒരു കത്തും തയാറാക്കണം. അപേക്ഷയിൽ വൈറ്റ് ബാക്ക്ഗ്രൗണ്ടോടുകൂടിയ രണ്ടു ഫോട്ടോ വേണം. ഇതോടൊപ്പം ഭർത്താവിന്റെ ഇഖാമ കോപ്പിയും വിവാഹ സർട്ടിഫിക്കറ്റും അറ്റാച്ച് ചെയ്യണം. വിവാഹ സർട്ടിഫിക്കറ്റ് വ്യക്തമായി കാണുന്ന വിധത്തിലുള്ളതായിരിക്കണം.
വിവാഹം സൗദിക്കു പുറത്തുവെച്ചാണ് നടന്നതെങ്കിൽ വിവാഹ സർട്ടിഫിക്കറ്റിന്റെ അറബി പരിഭാഷ തയാറാക്കി അതു വിദേശ മന്ത്രാലയത്തിൽനിന്നും സൗദി എംബസിയിൽനിന്നും വെരിഫൈ ചെയ്യണം.
അതിനു ശേഷം സൗദി വിദേശ മന്ത്രാലയത്തിൽനിന്ന് ഈ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യുകയും വേണം. ഇതിനു പുറമെ പാസ്‌പോർട്ടിൽ ഭർത്താവിന്റെ പേര് ചേർക്കണം. സൗദിയിൽ ജോലി ചെയ്യുന്ന സ്ത്രീയാണെങ്കിൽ സ്ഥാപനത്തിൽനിന്നും, തൊഴിൽ രഹിതയാണെങ്കിൽ പിതാവിൽനിന്നും ഇഖാമ ഭർത്താവിന്റെ പേരിലേക്ക് മാറ്റുന്നതിന് വിരോധമില്ലെന്ന നോ ഓബ്ജക്ഷൻ സർട്ടിഫിക്കറ്റും ആവശ്യമാണ്. തുടർന്ന് ബാങ്ക് വഴി രണ്ടായിരം റിയാൽ ഫീസായി അടക്കണം. അതിനുശേഷം ഈ രേഖകൾ അടങ്ങിയ ഫയൽ ഭാര്യയുടെ ഒറിജിനൽ ഇഖാമയും പാസ്‌പോർട്ടും മാര്യേജ് സർട്ടിഫിക്കറ്റും അടക്കം ജവാസാത്ത് ഓഫീസിൽ സമർപ്പിച്ചാൽ അപേക്ഷ പരിഗണിച്ച ശേഷം ഇഖാമ ഭർത്താവിന്റെ സ്‌പോൺസർഷിപ്പിലേക്ക് മാറ്റി നൽകും.