റിയാദ്:ഞായറാഴ്ച മുതല്‍ സൗദി അറേബ്യയില്‍ കാമറകളുടെ നിരീക്ഷണ പരിധിയില്‍ വരുന്ന ഏഴ് നിയമലംഘനങ്ങള്‍ക്ക് പിഴകളുടെ തോത് പൊതുസുരക്ഷ വകുപ്പ് പ്രസിദ്ധീകരിച്ചു. റോഡുകളോട് ചേര്‍ന്ന നടപ്പാതകളിലൂടെയോ ഡ്രൈവിംഗിന് അനുമതിയില്ലാത്ത പാതകളിലൂടെയോ വാഹനമോടിക്കല്‍, വ്യക്തതയില്ലാത്ത, ഭാഗികമായോ പൂര്‍ണമായോ കേടായതോ ആയ നമ്പര്‍ പ്ലേറ്റുകളുമായി വാഹനമോടിക്കല്‍, രാത്രിയിലോ കാലാവസ്ഥ വ്യതിയാനം കാരണം ദൃശ്യപരത വ്യക്തമല്ലാത്ത സമയത്തോ ലൈറ്റ് ഉപയോഗിക്കാതിരിക്കല്‍ എന്നിവക്ക് 1000 റിയാല്‍ മുതല്‍ 2000 റിയാല്‍ വരെ പിഴ ലഭിക്കും.
കൂടുതല്‍ ട്രാക്കുകളുള്ള റോഡില്‍ ട്രക്കുകളും ഹെവി ഉപകരണങ്ങളും വലത് വശം ചേര്‍ന്ന് പോകാതിരുന്നാല്‍ 3000 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെ പിഴ ലഭിക്കും. അനുമതിയില്ലാത്ത ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്താല്‍ 100 മുതല്‍ 150 വരെ റിയാലും ട്രക്കുകള്‍ ഭാരമളക്കുന്ന കേന്ദ്രങ്ങളില്‍ നിര്‍ത്താതെ പോയാല്‍ 5000 റിയാലും അനുവദിക്കാത്ത സമയങ്ങളില്‍ നഗരങ്ങളില്‍ പ്രവേശിച്ചാല്‍ 1000 മുതല്‍ 2000 റിയാലും പിഴ ലഭിക്കും.