റിയാദ്:സൗദി അറേബ്യയിലെ ജനസംഖ്യ 3,21,75,224 ആയി ഉയർന്നതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. സെൻസസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം ജനസംഖ്യയുടെ 58.4 ശതമാനം അഥവാ 18.8 ദശലക്ഷം സൗദി പൗരന്മാരും 41.6 ശതമാനം അഥവാ 13.4 ദശലക്ഷം വിദേശികളുമാണ്. 19.7 ദശലക്ഷം അഥവാ 61 ശതമാനം പുരുഷന്മാരും 12.5 ദശലക്ഷം അഥവാ 39 ശതമാനം സ്ത്രീകളുമാണ് സൗദി അറേബ്യയിലുള്ളത്.
റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ ജനസംഖ്യ രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 68% ആണ്. ജനസംഖ്യയുടെ കാര്യത്തിൽ ഏറ്റവും വലിയ നഗരമാണ് റിയാദ്. തൊട്ടുപിന്നിൽ ജിദ്ദ, മക്ക, മദീന, ദമാം എന്നിവയാണ്.
ജനസംഖ്യയുടെ ശരാശരി പ്രായം 29 വയസ്സാണെങ്കിലും സൗദികളുടെ ശരാശരി പ്രായം 25 വയസ്സാണ്. 30 വയസ്സിന് താഴെയുള്ള സൗദികൾ സൗദികളുടെ മൊത്തം എണ്ണത്തിന്റെ 63 ശതമാനത്തിലെത്തി നിൽക്കുന്നു. അതേസമയം രാജ്യത്തെ താമസ സ്ഥലങ്ങളുടെ എണ്ണം 80 ലക്ഷമായി വർധിച്ചിട്ടുണ്ട്. ഇതിൽ അപ്പാർട്ട്‌മെന്റുകൾ 51% വരും.
ആകെ 4.2 ദശലക്ഷം സൗദി കുടുംബങ്ങളുണ്ട്. ഒരു കുടുംബത്തിലെ ശരാശരി അംഗങ്ങൾ 4.8 ആണ്. സൗദി പുരുഷൻമാരുടെയും സ്ത്രീകളുടെയും എണ്ണം ഏകദേശം അടുത്തടുത്താണ് എത്തിനിൽക്കുന്നത്. പുരുഷന്മാർ 50.2 ശതമാനവും സ്ത്രീകൾ 49.8 ശതമാനവും. സൗദിയിലുള്ള വിദേശികളുടെ കുടുംബാംഗങ്ങളുടെ ശരാശരി വലിപ്പം ഒരു കുടുംബത്തിന് 2.7 അംഗങ്ങളാണ്. വിദേശികളിൽ പുരുഷന്മാർ 76 ശതമാനമാണ് രേഖപ്പെടുത്തിയത്.
വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിലൂടെ രാജാവിന്റെയും കിരീടാവകാശിയുടെയും പരിപൂർണ പിന്തുണയോടെയാണ് സെൻസസ് പൂർത്തിയാക്കിയതെന്ന് സാമ്പത്തിക ആസൂത്രണ മന്ത്രി ഫൈസൽ ബിൻ ഫാദിൽ അൽഇബ്രാഹീം വ്യക്തമാക്കി. സാമ്പത്തികവും സാമൂഹികവുമായ നയങ്ങൾ രൂപപ്പെടുത്തുന്നതിനും വിവിധ പദ്ധതികളുടെ വികസനത്തിനും സർക്കാർ ഏജൻസികളുടെ പ്രകടനം അളക്കുന്നതിനും പ്രാദേശിക, അന്തർദേശീയ താരതമ്യങ്ങൾ നടത്തുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും സെൻസസ് വളരെ പ്രാധാന്യമുള്ളതാണ്.
വിഷൻ 2030 ന്റെ വെളിച്ചത്തിൽ രാജ്യം സാക്ഷ്യം വഹിച്ച സമഗ്രമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ അതോറിറ്റി ശ്രമിച്ചതായി സ്ഥിതിവിവരക്കണക്ക് ജനറൽ അതോറിറ്റി മേധാവി ഡോ. ഫഹദ് ബിൻ അബ്ദുല്ല അൽദൂസരി പ്രസ്താവിച്ചു. ഡാറ്റയുടെ ഗുണനിലവാരവും കൃത്യതയും സർക്കാർ ഏജൻസികൾ തമ്മിലുള്ള പങ്കാളിത്തത്തിന്റെ നിലവാരവും ഗണ്യമായി വർധിച്ചു. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വികസിച്ചത് വഴി മികച്ച അന്താരാഷ്ട്ര രീതികൾ പിന്തുടരാനും അത് നടപ്പിലാക്കുന്നതിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളിൽ നിന്ന് പ്രയോജനം നേടാനും അതോറിറ്റിയെ പ്രാപ്തമാക്കി. സാറ്റലൈറ്റുകൾ, സെൽഫ് എന്യുമറേഷൻ ടെക്‌നോളജി എന്നിവ ഉപയോഗപ്പെടുത്തി. ഇതുവഴി ഫലങ്ങളുടെ കൃത്യത 95% അവകാശപ്പെടാനാകും. സൗദി സെൻസസ് 2022 രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും സമഗ്രവും ഏറ്റവും കൃത്യതയുള്ളതുമായി മാറിയതായും അദ്ദേഹം പറഞ്ഞു.
സെൻസസ് ഡാറ്റയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഡാറ്റകൾ അവലോകനം ചെയ്യുന്നതിനും ഓഡിറ്റ് ചെയ്യുന്നതിനും പിഴവുകൾ നിരീക്ഷിക്കുന്നതിനും ഡാറ്റ സ്വയമേവ ശരിയാക്കുന്നതിനുമുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനും ഇവർ മേൽനോട്ടം വഹിച്ചു. ഡാറ്റകളുടെ കൃത്യതക്കായി ഒരു ദശലക്ഷത്തിലധികം ഫോൺ കോളുകളും 9,00,000 ഫീൽഡ് സന്ദർശനങ്ങളും നടത്തി. ഡാറ്റയുടെ കൃത്യത സ്ഥിരീകരിക്കുന്നതിന് 200 ലധികം സൂചകങ്ങളിലൂടെ ഡാറ്റ അവലോകനം ചെയ്തതായും അദ്ദേഹം പറഞ്ഞു.