ജിദ്ദ:കഴിഞ്ഞ മാസം ജിദ്ദ തുറമുഖത്ത് കണ്ടെയ്നർ നീക്കത്തിൽ 25 ശതമാനം വളർച്ച രേഖപ്പെടുത്തി. ഏപ്രിൽ മാസത്തിൽ ജിദ്ദ തുറമുഖത്ത് 4,65,348 കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു. കഴിഞ്ഞ കൊല്ലം ഏപ്രിലിൽ 3,72,064 കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. ജിദ്ദ തുറമുഖത്ത് നടപ്പാക്കുന്ന വികസന പദ്ധതികൾ പ്രവർത്തന ശേഷി വർധിപ്പിക്കുകയും വിവിധ തരം കണ്ടെയ്നറുകളും ചരക്കുകളും കൈകാര്യം ചെയ്യാനുള്ള മത്സരക്ഷമത വർധിപ്പിക്കുകയും ചെയ്തു.
ഏപ്രിലിൽ ട്രാൻസ്ഷിപ്മെന്റ് കണ്ടെയ്നർ നീക്കം 21.8 ശതമാനം തോതിൽ വർധിച്ചു. ഏപ്രിലിൽ 2,61,543 ട്രാൻസ്ഷിപ്മെന്റ് കണ്ടെയ്നറുകളാണ് ജിദ്ദ തുറമുഖത്ത് കൈകാര്യം ചെയ്തത്. 2022 ഏപ്രിലിൽ ഇത് 2,14,686 ആയിരുന്നു. ചരക്ക് നീക്കത്തിൽ 19 ശതമാനം വളർച്ചയും രേഖപ്പെടുത്തി. ഏപ്രിലിൽ 52,61,883 ടൺ ചരക്കാണ് ജിദ്ദ തുറമുഖത്ത് കൈകാര്യം ചെയ്തത്. കഴിഞ്ഞ കൊല്ലം ഏപ്രിലിൽ 44,09,557 ടണ്ണായിരുന്നു.
ജിദ്ദ തുറമുഖത്ത് എത്തിയ കപ്പലുകൾ 13 ശതമാനം തോതിൽ വർധിച്ച് 324 ആയി. കഴിഞ്ഞ വർഷം ഏപ്രിലിൽ 286 കപ്പലുകളാണ് ജിദ്ദ തുറമുഖത്ത് സ്വീകരിച്ചത്. കാർ ഇറക്കുമതിയിൽ 72 ശതമാനം വർധന രേഖപ്പെടുത്തി. ഏപ്രിലിൽ 54,511 കാറുകൾ ഇറക്കുമതി ചെയ്തു. 2022 ഏപ്രിലിൽ 31,677 കാറുകളാണ് ജിദ്ദ തുറമുഖം വഴി ഇറക്കുമതി ചെയ്തത്. യാത്രക്കാരുടെ എണ്ണം 344 ശതമാനം വർധിച്ച് 40,947 ആയി. കഴിഞ്ഞ വർഷം ഏപ്രിലിൽ 9418 യാത്രക്കാരാണ് ജിദ്ദ തുറമുഖം വഴി കടന്നുപോയത്. കന്നുകാലി ഇറക്കുമതി 2.63 ശതമാനം വർധിച്ചു. ഏപ്രിലിൽ ജിദ്ദ തുറമുഖം വഴി 4,58,280 കന്നുകാലികളെ ഇറക്കുമതി ചെയ്തു.