Dammam – ഇന്ത്യയുമായും ദക്ഷിണാഫ്രിക്കയുമായും ബന്ധിപ്പിച്ച് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി ദമാം തുറമുഖത്തേക്ക് പുതിയ ഷിപ്പിംഗ് ലൈന്‍ ആരംഭിച്ചതായി സൗദി പോര്‍ട്ട്‌സ് അതോറിറ്റി അറിയിച്ചു. വാണിജ്യ മേഖലക്ക് സേവനം നല്‍കാനും ആഗോള ലോജിസ്റ്റിക് കേന്ദ്രങ്ങളുടെ ഭൂപടത്തില്‍ സൗദി അറേബ്യയുടെ സ്ഥാനം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് ഈ വര്‍ഷാദ്യം മുതല്‍ സൗദി തുറമുഖങ്ങളിലേക്ക് ആരംഭിക്കുന്ന 12-ാമത്തെ പുതിയ ഷിപ്പിംഗ് ലൈന്‍ ആണിത്.
ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍, യു.എ.ഇയിലെ ജബല്‍ അലി, ഖലീഫ, ബഹ്‌റൈനിലെ ഖലീഫ ബിന്‍ സല്‍മാന്‍, ഇന്ത്യയിലെ ഞാവ ഷേവ (നവി മുംബൈ), ഹാസിറ (സൂറത്ത്) മുന്ദ്ര (ഗുജറാത്ത്), ശ്രീലങ്കയിലെ കൊളംബോ, മൗറീഷ്യയിലെ ലൂയിസ് എന്നീ ഒമ്പതു തുറമുഖങ്ങളെ ദമാം തുറമുഖവുമായി ബന്ധിപ്പിച്ച് പ്രതിവാര സര്‍വീസ് നടത്താന്‍ ആറായിരത്തിലേറെ കണ്ടെയ്‌നര്‍ ശേഷിയുള്ള അഞ്ചു കപ്പലുകളാണ് മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി ഉപയോഗിക്കുന്നത്.