റിയാദ്:ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കാരുണ്യവാന്റെ അതിഥികളായി എത്തുന്ന ഹാജിമാരെ സ്വീകരിക്കാനും അവരുടെ പ്രവേശന നടപടകള്‍ എളപ്പമാക്കാനും എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി ജവാസാത്ത് അറിയിച്ചു.
അന്താരാഷ്ട്ര വ്യോമ, കര, കടല്‍ തുറമുഖങ്ങള്‍ വഴി വരുന്ന തീര്‍ഥാടകരുടെ പ്രവേശന നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ഉദ്യോഗസ്ഥരും സംവിധാനങ്ങളും സജ്ജമാണ്.
വിവിധ ഭാഷകള്‍ സംസാരിക്കാന്ന യോഗ്യരായ ജീവനക്കാരോടൊപ്പം ഏറ്റവും പുതിയ സാങ്കേതിക ഉപകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ തീര്‍ഥാടകര്‍ക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ സുഗമമാകുമെന്നും ജവാസാത്ത് അറിയിച്ചു.
ഹജ് സീസണ്‍ കണക്കിലെടുത്ത് മക്കയിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു തുടങ്ങിയിട്ടുമ്ട്. വിസിറ്റ് വിസയില്‍ രാജ്യത്തെത്തിയവര്‍ക്ക് ഉംറ പെര്‍മിറ്റുണ്ടെങ്കില്‍ മാത്രമേ മക്കയിലേക്ക് പ്രവേശനം നല്‍കുകയുള്ളൂവെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ പെര്‍മിറ്റ് കൈവശമുള്ളവര്‍ പെര്‍മിറ്റില്‍ നിര്‍ണയിച്ച സമയം കൃത്യമായി പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് നേടുന്ന പ്രത്യേക പെര്‍മിറ്റില്ലാത്ത വിദേശികള്‍ക്ക് മക്കയില്‍ പ്രവേശന വിലക്ക് നിലവില്‍വന്നിട്ടുണ്ട്. പെര്‍മിറ്റില്ലാത്തവരെ മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളില്‍ നിന്ന് തിരിച്ചയക്കുകയാണ് ചെയ്യുന്നത്. ജോലി ആവശ്യാര്‍ഥം മക്കയില്‍ പ്രവേശിക്കാന്‍ പ്രത്യേക പെര്‍മിറ്റ് നേടിയവരെയും മക്ക ജവാസാത്ത് ഇഷ്യു ചെയ്ത ഇഖാമയുള്ളവരെയും ഉംറ, ഹജ് പെര്‍മിറ്റുകള്‍ നേടിയവരെയും മാത്രമാണ് ചെക്ക് പോസ്റ്റുകളില്‍ നിന്ന് മക്കയിലേക്ക് കടത്തിവിടുന്നത്.
മക്കയില്‍ പ്രവേശിക്കാനുള്ള പ്രത്യേക പെര്‍മിറ്റ് ജവാസാത്ത് ഡയറക്ടറേറ്റ് ഓണ്‍ലൈന്‍ ആയി അനുവദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സൗദി കുടുംബങ്ങളിലെ ഗാര്‍ഹിക തൊഴിലാളികള്‍, സൗദികളല്ലാത്ത കുടുംബാംഗങ്ങള്‍, മക്കയില്‍ ആസ്ഥാനമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഹജ് കാലത്ത് ജോലി ചെയ്യാന്‍ മക്കയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുമായി തൊഴില്‍ കരാറുകള്‍ ഒപ്പുവെച്ച, തൊഴിലാളി കൈമാറ്റത്തിനുള്ള അജീര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത സീസണ്‍ തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് മക്കയില്‍ പ്രവേശിക്കാന്‍ എന്‍ട്രി പെര്‍മിറ്റുകള്‍ അനുവദിക്കുന്നത്.