ന്യൂഡല്‍ഹി: ഇന്ത്യയിൽ 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു. റിസവര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. നിലവിൽ നോട്ടുകൾ ഉപയോഗിക്കുന്നതിൽ നിയമതടസ്സമില്ല.
നിലവിൽ കയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധുത സെപ്റ്റംബർ 30 വരെ തുടരുമെന്നാണ് റിസർവ് ബാങ്കിന്റെ പത്രക്കുറിപ്പിൽ നിന്നും വ്യക്തമാകുന്നത്. സെപ്റ്റംബർല 30 തിന് മുമ്പ് ജനങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകൾ തിരികെ ബാങ്കുകളിലേൽപ്പിക്കണം. ഒരാൾക്ക് ഒറ്റത്തവണ 20,000 രൂപ മാത്രമേ ബാങ്കിൽ നൽകി മാറ്റിയെടുക്കാൻ സാധിക്കുകയുള്ളുവെന്നും ആർബിഐ വ്യക്തമാക്കി.
2016 ലാണ് പ്രധാനമന്ത്രി വലിയ പ്രഖ്യാപനത്തോടെ അഞ്ഞുറിന്റെയും ആയിരത്തിന്റേയും നോട്ടുകൾ പിൻവലിച്ച് പകരം പുതിയ 2000 ത്തിന്റെയും 500 ന്റെയും നോട്ടുകൾ വിപണിയിലിറക്കിയത്. കള്ളപ്പണം നിരോധിക്കാനെന്ന പേരിലായിരുന്നു കേന്ദ്ര സർക്കാരിന്റെ ഈ നീക്കം. അന്ന് പുറത്തിറക്കിയ 2000 ത്തിന്റെ നോട്ടുകളാണ് ഏഴ് വർഷത്തിന് ശേഷം കേന്ദ്രം പിൻവലിക്കുന്നത്.
റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം 2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. 2019 ൽ ഇത് 32,910 ലക്ഷമായി. 2020 ൽ 27,398 ലക്ഷവുമായും കുറഞ്ഞുവെന്നും റിസർവ് ബാങ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. 2019-20 സാമ്പത്തിക വർഷം 2000 രൂപയുടെ ഒരൊറ്റ നോട്ട് പോലും അച്ചടിച്ചിരുന്നില്ല. 2000 രൂപയുടെ പുതിയ നോട്ടുകൾ അച്ചടിക്കുന്നത് നേരത്തെ തന്നെ നിർത്തിവെച്ചിരുന്നതായാണ് റിസർവ് ബാങ്ക് പുറത്തിറക്കിയ കുറിപ്പിലുള്ളത്.