ദോഹ:ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ സൗദി, ഹജ് ഉംറ മന്ത്രാലയത്തിനു കീഴിലെ നുസുക് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. നുസുക് ആപ്പിനെ കുറിച്ച് പരിചയപ്പെടുത്തുന്ന പരിപാടിയും അനുബന്ധ എക്‌സിബിഷനും ദോഹയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹജ്, ഉംറ മന്ത്രി. സൗദി ടൂറിസം അതോറിറ്റി അധികൃതരും 70 ട്രാവല്‍, ഉംറ സര്‍വീസ് കമ്പനികളുടെ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.
നുസുക് ആപ്പിനെ കുറിച്ച് പരിചയപ്പെടുത്തുന്ന പരിപാടി വിദേശ രാജ്യങ്ങളില്‍ ഹജ്, ഉംറ മന്ത്രാലയം സംഘടിപ്പിക്കുന്നുണ്ട്. തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ ആരംഭിച്ച ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോം ആയ നുസുക് ആപ്പ് നല്‍കുന്ന സേവനങ്ങള്‍, സഹകരണ അവസരങ്ങള്‍ എന്നിവയെ കുറിച്ച് വിദേശ രാജ്യങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഹജ്, ഉംറ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും ട്രാവല്‍ ആന്റ് ടൂറിസം മേഖലാ കമ്പനികളെയും സ്ഥാപനങ്ങളെയും പരിചയപ്പെടുത്താനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. വിദേശ രാജ്യങ്ങളിലെയും സൗദിയിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സര്‍വീസ് കമ്പനികളെയും ഒരുമിച്ചുകൂട്ടി പരസ്പര സഹകരണത്തെ കുറിച്ച് വിശകലനം ചെയ്യാനും സാങ്കേതികവിദ്യകളും വിവരങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്താനും പരിപാടി അവസരമൊരുക്കുന്നു.
ഉംറ നിര്‍വഹിക്കാന്‍ ലഭ്യമായ സമയങ്ങള്‍, ഉംറ പെര്‍മിറ്റിന് ബുക്ക് ചെയ്യല്‍ എന്നീ സേവനങ്ങള്‍ ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന ഖത്തരികള്‍ക്കും ഖത്തറില്‍ കഴിയുന്ന വിദേശികള്‍ക്കും നുസുക് ആപ്പ് നല്‍കുന്നതായി സൗദി ഹജ്, ഉംറ മന്ത്രി പറഞ്ഞു. ഉംറ, സിയാറത്ത് പാക്കേജുകള്‍, മക്കയിലും മദീനയിലും ലഭിക്കുന്ന മറ്റു സേവനങ്ങള്‍ അടക്കം വ്യത്യസ്തമായ ഓപ്ഷനുകളും നുസുക് ആപ്പ് നല്‍കുന്നു. ടൂറിസ്റ്റ് വിസ, ട്രാന്‍സിറ്റ് വിസ, സന്ദര്‍ശന വിസ, ഉംറ വിസ എന്നിവ അടക്കം എല്ലായിനം വിസകളിലും സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് നുസുക് ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് പെര്‍മിറ്റ് നേടി ഉംറ നിര്‍വഹിക്കാന്‍ കഴിയും.
ഖത്തര്‍ ഔഖാഫ്, മതകാര്യ മന്ത്രി ഗാനിം ബിന്‍ ശാഹീന്‍ അല്‍ഗാനിം, ഖത്തറിലെ സൗദി അംബാസഡര്‍ മന്‍സൂര്‍ ബിന്‍ ഖാലിദ് ബിന്‍ ഫര്‍ഹാന്‍ ആലുസൗദ് രാജകുമാരന്‍ എന്നിവരുമായി ഹജ്, ഉംറ മന്ത്രി കൂടിക്കാഴ്ച നടത്തി ഹജ്, ഉംറ മന്ത്രാലയം തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ വിശദീകരിച്ചു. ഖത്തറില്‍ നിന്ന് സൗദിയിലേക്ക് വരുന്ന സ്വദേശി, വിദേശി തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളും ഒരുക്കിയ സൗകര്യങ്ങളും പരിചയപ്പെടുത്താനാണ് താന്‍ ഖത്തര്‍ സന്ദര്‍ശിക്കുന്നതെന്ന് ഹജ്, ഉംറ മന്ത്രി പറഞ്ഞു. ഖത്തറില്‍ നിന്നും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള ഉംറ തീര്‍ഥാടകരുടെ സൗദിയിലേക്കുള്ള യാത്രാ നടപടികള്‍ ഇപ്പോള്‍ അങ്ങേയറ്റം എളുപ്പമായിരിക്കുന്നു. ഖത്തര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് നുസുക് ആപ്പില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്ത് ഉംറ നിര്‍വഹിക്കാനും മസ്ജിദുന്നബവി റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനും പെര്‍മിറ്റുകള്‍ നേടുകയാണ് വേണ്ടത്.
ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന, ഖത്തറില്‍ കഴിയുന്ന വിദേശികളെ മന്ത്രി സ്വാഗതം ചെയ്തു. വിദേശ മന്ത്രാലയത്തിന്റെ വിസാ പ്ലാറ്റ്‌ഫോം വഴി എളുപ്പമാര്‍ന്ന നടപടികളിലൂടെ എല്ലാ പ്രൊഫഷനുകളിലും പെട്ടവര്‍ക്ക് സൗദി വിസ ലഭിക്കും. ഇതിന് സൗദി എംബസി സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. താമസം, യാത്ര പോലുള്ള സേവനങ്ങളെ കുറിച്ച വിശദാംശങ്ങള്‍, ഉംറക്കും റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാനും പെര്‍മിറ്റ് ബുക്ക് ചെയ്യല്‍, ഇസ്‌ലാമിക ചരിത്ര കേന്ദ്രങ്ങളെ കുറിച്ച വിവരങ്ങള്‍ എന്നിവക്ക് നുസുക് ആപ്പ് സന്ദര്‍ശിച്ചാല്‍ മതി.
ഉംറ വ്യവസ്ഥകള്‍ എല്ലാവര്‍ക്കും പാലിക്കാന്‍ കഴിയുന്ന നിലയിലാക്കി മാറിയിട്ടുണ്ട്. പ്രത്യേക നിയന്ത്രണങ്ങളും വ്യവസ്ഥകളുമൊന്നും ഇപ്പോഴില്ല. അടുത്ത ബന്ധു (മഹ്‌റം) ഒപ്പമില്ലാതെ വനിതകള്‍ക്ക് ഒറ്റക്ക് ഉംറക്ക് വരാനും ഇപ്പോള്‍ സാധിക്കും. തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാന്‍ ഇരു ഹറമുകളിലും പുണ്യസ്ഥലങ്ങളിലും സൗദി അറേബ്യ നിരന്തരം വികസന പദ്ധതികള്‍ നടപ്പാക്കിവരികയാണ്. താമസം, സൗദി നഗരങ്ങള്‍ക്കിടയിലെ യാത്ര എന്നിവ അടക്കമുള്ള സേവനങ്ങള്‍ക്കുള്ള ബുക്ക് ചെയ്യല്‍ നടപടിക്രമങ്ങള്‍ ഓട്ടോമേറ്റ് ചെയ്തിട്ടുണ്ടെന്നും ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു.