ജിദ്ദ:ദേശീയ തലത്തിൽ ആരംഭിച്ച മയക്കുമരുന്ന് വിരുദ്ധ പോരാട്ടം ശ്രദ്ധേയമായ ഫലങ്ങൾ നൽകിയതായി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ പറഞ്ഞു. മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിന് ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത് സ്ഥാപിച്ച സെൻട്രൽ ഓപ്പറേഷൻ റൂം സന്ദർശിച്ച് മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നിർദേശാനുസരണവും പിന്തുണയോടെയുമാണ് ദേശീയ തലത്തിൽ ശക്തമായ മയക്കുമരുന്ന് വിരുദ്ധ പോരാട്ടം ആരംഭിച്ചത്.
മയക്കുമരുന്ന് വിരുദ്ധ കാമ്പയിൻ ഇപ്പോഴും തുടക്കത്തിലാണ്. മയക്കുമരുന്ന് വിതരണക്കാരെയും കടത്തുകാരെയും നേരിടാനുള്ള ശക്തമായ പ്രഹരങ്ങൾ തുടരുകയാണ്. യുവാക്കളെ ലക്ഷ്യം വെക്കാനും സുരക്ഷ ഒരു തരത്തിലും തകർക്കാനും മയക്കുമരുന്ന് വിതരണക്കാർക്കും കടത്തുകാർക്കും അവസരം നൽകില്ല.
മാതൃരാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിലും മയക്കുമരുന്നിന്റെ അപകടത്തിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിലും തങ്ങളുടെ പങ്ക് മനസ്സിലാക്കി മയക്കുമരുന്ന് വിരുദ്ധ പോരാട്ട മേഖലയിൽ സുരക്ഷാ സൈനികർ നടത്തുന്ന വലിയ ശ്രമങ്ങൾ പ്രശംസനീയമാണ്. രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലും മയക്കുമരുന്ന് വിരുദ്ധ പോരാട്ട മേഖലയിൽ പ്രവർത്തിക്കുന്ന സുരക്ഷാ സൈനികരെ തന്റെ ആശംസകൾ അറിയിക്കണം.
മയക്കുമരുന്ന് വിതരണക്കാരെയും കടത്തുകാരെയും കുറിച്ച് വിവരം നൽകി മയക്കുമരുന്ന് വിരുദ്ധ പോരാട്ട മേഖലയിൽ സൗദി പൗരന്മാരും പങ്കാളിത്തം വഹിക്കുന്നു. ഇക്കാര്യത്തിൽ സൗദി പൗരന്മാരുടെ അവബോധം ശ്ലാഘനീയമാണ്. മയക്കുമരുന്ന് കടത്തുകാരെയും വിതരണക്കാരെയും കുറിച്ച് എല്ലാവരും നൽകുന്ന വിവരങ്ങൾ തീർത്തും രഹസ്യമായാണ് കൈകാര്യം ചെയ്യുന്നതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
മയക്കുമരുന്ന് വിരുദ്ധ പോരാട്ട മേഖലയിൽ പങ്കാളിത്തം വഹിക്കുന്ന സുരക്ഷാ വകുപ്പുകളുടെ മേധാവികളെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ആശംസകൾ ആഭ്യന്തര മന്ത്രി അറിയിച്ചു. മയക്കുമരുന്ന് വിരുദ്ധ പോരാട്ട മേഖലയിൽ സമീപ കാലത്ത് സുരക്ഷാ വകുപ്പുകൾ കൈവരിച്ച നേട്ടങ്ങൾ പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറൽ മുഹമ്മദ് അൽബസ്സാമി ആഭ്യന്തര മന്ത്രിക്കു മുന്നിൽ വിശദീകരിച്ചു. ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ഡോ. നാസിർ അൽദാവൂദ്, ആഭ്യന്തര സഹമന്ത്രി ജനറൽ സഈദ് അൽഖഹ്താനി, ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഹിശാം അൽഫാലിഹ്, സുരക്ഷാ കാര്യങ്ങൾക്കുള്ള ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽമുഹന്ന എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.