റിയാദ്- വിദേശത്ത് നിന്നുള്ള ഹാജിമാരുടെ വരവിനുള്ള നടപടികള്‍ക്ക് തുടക്കമായതോടെ പൊതുസുരക്ഷാവിഭാഗം വിദേശികള്‍ക്ക് മക്കയില്‍ പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തി. ജവാസാത്ത്, പൊതുസുരക്ഷ വിഭാഗം എന്നിവര്‍ ഇഷ്യു ചെയ്യുന്ന പ്രത്യേകാനുമതിപത്രം ഉള്ളവര്‍ക്ക് മാത്രമേ ഇന്ന് (തിങ്കള്‍) മുതല്‍ മക്കയിലേക്ക് പ്രവേശനം നല്‍കുകയുള്ളൂ. ഇക്കാര്യം മക്കയിലെ പ്രവേശനകവാടങ്ങളില്‍ പരിശോധിക്കുമെന്ന് പൊതുസുരക്ഷാവിഭാഗം അറിയിച്ചു.മക്കയില്‍ നിന്ന് ഇഷ്യു ചെയ്ത ചെയ്ത ഇഖാമയുളളവര്‍ക്കും ഹജ്ജ്, ഉംറ എന്നിവക്ക് അനുമതി ലഭിച്ചവര്‍ക്കും മക്കയിലേക്ക് വരാം
അനുമതിയില്ലാതെ എത്തുന്ന വിദേശികളുടെ വാഹനം തിരിച്ചയക്കും. അതേസമയം ഗാര്‍ഹിക ജോലിക്കാര്‍, സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സൗദിപൗരന്മാരുടെ വിദേശികളായ ബന്ധുക്കള്‍, സീസണ് തൊഴില്‍ വിസയുളളവര്‍ എന്നിവര്‍ക്ക് ഓണ്‍ലൈന്‍ വഴി അനുമതി പത്രം ഇഷ്യു ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതായി ജവാസാത്ത് അറിയിച്ചു.
അതേസമയം സന്ദര്‍ശക വിസയില്‍ രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്ക് ഹജ്ജിന് അനുമതി നല്‍കില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ഓര്‍മിപ്പിച്ചു. സന്ദര്‍ശക വിസയുടെ കാലാവധി 90 ദിവസമാണ്. അതില്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കാനുള്ള അനുമതിയില്ല. വിസ കാലാവധി കഴിയുന്നതിന് മുമ്പേ രാജ്യം വിടണം. ഉംറ തീര്‍ഥാടകര്‍ ദുല്‍ഖഅദ 29 (ജൂണ്‍ 18)ന് മുമ്പ് സൗദി അറേബ്യ വിടണം. ഇക്കാര്യം ഉംറ കമ്പനികള്‍ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.
വിദേശത്ത് നിന്നുള്ള ഹാജിമാരെ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായെന്നും മക്കയിലേക്കുള്ള പ്രവേശനം അനുമതിപത്രം മുഖേന നിയന്ത്രിച്ചിരിക്കുകയാണെന്നും പൊതുസുരക്ഷ വിഭാഗം അറിയിച്ചു.