ഇന്ന് (തിങ്കളാഴ്‌ച) മുതൽ എൻട്രി പെർമിറ്റ് ഇല്ലാത്ത താമസക്കാരെ വിശുദ്ധ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങളിൽ തടയും. മക്ക ഇഖാമയില്ലാത്തവരെയും പ്രത്യേക അനുമതി പത്രമില്ലാത്തവരെയും പ്രവേശന കവാടത്തില്‍ വെച്ച് പിടികൂടുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കാറുകളും ബസുകളും ട്രെയിനുകളും തുടങ്ങി ഏത് വാഹനങ്ങളിലൂടെയും മക്കയില്‍ പ്രവേശിക്കുന്നവര്‍ക്ക് വിലക്ക് ബാധകമാണ്.
ഇതോടൊപ്പം, ഗാർഹിക തൊഴിലാളികൾക്കും സഊദി ഇതര കുടുംബാംഗങ്ങൾക്കും ഹോളി ക്യാപിറ്റൽ ആസ്ഥാനമായുള്ള, ഹജ്ജ് സീസണൽ ജോലിക്കായി അജീർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലെ തൊഴിലാളികൾ, സീസണൽ വർക്ക് വിസ ഉടമകൾ, കോൺട്രാക്ടർമാർ എന്നിവർക്കും ഇലക്ട്രോണിക് വഴി മക്കയിലേക്കുള്ള എൻട്രി പെർമിറ്റ് (പ്രവേശനാനുമതി) നൽകുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയതായും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് പ്രഖ്യാപിച്ചു.